തൃശ്ശൂർ കളക്ടറായി അർജുൻ പാണ്ട്യനെ നിയമിച്ചു…
തിരുവനന്തപുരം: പുതിയ തൃശ്ശൂർ കലക്ടർ അർജുൻ പാണ്ഡ്യനെ നിയമിച്ചു. മുൻ കലക്ടറായിരുന്ന വി.ആർ. കൃഷ്ണ തേജ ഇന്റർ സ്റ്റേറ്റ് ഡെപ്യൂട്ടേഷനിൽ പോയ ഒഴിവിലാണ് നിയമനം. ആന്ധ്രപ്രദേശിലേക്കാണ് കൃഷ്ണ തേജ നിയമിക്കപ്പെട്ടത്.
2017 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ അർജ്ജുൻ പാണ്ഡ്യൻ കണ്ണൂർ അസി.കലക്ടർ, ഒറ്റപ്പാലം, മാനന്തവാടി സബ്കലക്ടർ, അട്ടപ്പാടി നോഡൽ ഓഫീസർ,ഡെവല്പ്മെന്റ് കമീഷണർ ഇടുക്കി, അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയന്റ് കമീഷണർ, സംസ്ഥാന ലാൻഡ്ബോർഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ, ഹൗസിങ് ബോർഡ് സെക്രട്ടറി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
പർവതാരോഹകൻ കൂടിയാണ് അർജ്ജുൻ പാണ്ഡ്യൻ. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ, യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രസ്, കൂടാതെ ഹിമാലയസാനുക്കളിലെ നൺ, ദ്രൗപദി കാ ദണ്ട കൊടുമുടികൾ എന്നിവ അദ്ദേഹം കീഴടക്കിയിട്ടുണ്ട്. മസൂറിയിലെ ഐ.എ.എസ് പരിശീലനകാലഘട്ടത്ത് മികച്ച സ്പോർട്സ്മാൻ പുരസ്കാരം ലഭിച്ചു.