തന്നെ പ്രണയിച്ച് വഞ്ചിച്ചു.. മധുരമായി പ്രതികാരം ചെയ്ത് യുവതി…
പ്രണയിച്ച് പറ്റിച്ചുപോയ കാമുകിയോടോ കാമുകനോടോ എപ്പോഴെങ്കിലും പ്രതികാരം ചെയ്യണം എന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ തീർച്ചയായും ഈ യുവതി ചെയ്ത കാര്യങ്ങൾ മാതൃക ആക്കാവുന്നതാണ്. ഇവർ എങ്ങനെയാണ് പ്രതികാരം ചെയ്തത് എന്ന് അറിയണ്ടേ? തന്നെ പ്രണയിച്ച് വഞ്ചിച്ചു പോയ മുഴുവൻ കാമുകന്മാരെയും വിവാഹത്തിന് ക്ഷണിച്ചാണ് യുവതി ഇവരോട് പ്രതികാരം ചെയ്തത്.
അവർക്കുണ്ടായ നഷ്ടം എത്രമാത്രം വലുതാണെന്ന് കാമുകന്മാരെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ് വിവാഹവേളയിൽ ഇത്തരം ഒരു പദ്ധതി ആസൂത്രണം ചെയ്തത് എന്നാണ് ചൈനീസ് യുവതി പറയുന്നത്. ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ ആണ് വിവാഹാഘോഷം നടന്നത്. തന്റെ മുൻകാമുകന്മാരെ എല്ലാം വിവാഹാഘോഷത്തിന് ക്ഷണിച്ചു വരുത്തുക മാത്രമല്ല ഇവർ ചെയ്തത്. ഇവരെ എല്ലാവരെയും ഒരുമിച്ച് ഒരു ടേബിളിനു ചുറ്റുമായി ഇരുത്തുകയും ആ ടേബിളിന് ടേബിൾ ഓഫ് എക്സ് ബോയ് ഫ്രണ്ട്സ് എന്ന പേര് നൽകുകയും ചെയ്തു. വിവാഹ റിസപ്ഷന്റെ ഈ വീഡിയോ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാവുകയാണെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
വീഡിയോ വൈറൽ ആയതോടെ തന്റെ വിവാഹത്തിന് മുൻകാമുകന്മാരെ എല്ലാം ക്ഷണിക്കാൻ കാണിച്ച യുവതിയുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. യുവതിയുടെ ക്ഷണം സ്വീകരിച്ച് വിവാഹത്തിന് എത്താൻ മനസ്സു കാണിച്ച മുൻ കാമുകന്മാരെയാണ് മറ്റൊരു വിഭാഗം ആളുകൾ പിന്തുണയ്ക്കുന്നത്. യാതൊരുവിധ പ്രകോപനങ്ങളും കാണിക്കാതെ മാന്യമായി വിവാഹാഘോഷങ്ങളിൽ പങ്കെടുത്ത ചെറുപ്പക്കാർ അഭിനന്ദനം അർഹിക്കുന്നുവെന്നാണ് ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
യുവാക്കൾ തമ്മിലുള്ള രൂപസാദൃശ്യത്തെ കുറിച്ചും ചിലർ അഭിപ്രായം പ്രകടിപ്പിച്ചു. ഇത്രയധികം രൂപസാദൃശ്യമുള്ള ചെറുപ്പക്കാരെ തന്നെ എങ്ങനെ യുവതി തന്റെ കാമുകന്മാരായി കണ്ടെത്തി എന്നതായിരുന്നു ചിലരുടെ സംശയം. ഏതായാലും പെൺകുട്ടിയുടെ മധുരപ്രതികാരം ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലായി കഴിഞ്ഞു.