ഞാൻ ആരുടെയും കപ്പം വാങ്ങിച്ചിരിക്കുന്നവനല്ല
തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി തർക്കിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. വട്ടപ്പാറ സി ഐ ഗിരിലാലിനെയാണ് മാറ്റിയത്. വിജിലൻസിലേക്കാണ് മാറ്റം. സംഭവത്തിൽ ഗിരിലാലിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡിവൈഎസ്പി നെടുമങ്ങാട് റൂറൽ എസ്പിയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. കുടുംബ കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയായിരുന്നു ഭക്ഷ്യമന്ത്രി ഗിരിലാലിനെ വിളിച്ചത്. ന്യായമായി കാര്യങ്ങൾ ചെയ്യാമെന്നായിരുന്നു മന്ത്രിയുടെ ആവശ്യത്തോട് ഗിരിലാൽ പ്രതികരിച്ചത്. ഇതോടെ മന്ത്രി ക്ഷുഭിതനായി ന്യായം നോക്കി ചെയ്യുമെന്ന് പറഞ്ഞാൽ എന്താണ് ചെയ്യുകയെന്ന് എനിക്ക് അറിയാമെന്ന് മന്ത്രിയും പറഞ്ഞു. എന്നാൽ സാറ് പറയുന്നതുപോലെ അവനെ തൂക്കിയെടുത്ത് കൊണ്ടുവന്നാൽ നമ്മളെയൊന്നും സംരക്ഷിക്കാൻ ആരുമില്ലെന്നായിരുന്നു ഗിരിലാലിന്റെ മറുപടി. സാറല്ല ആരു വിളിച്ചാലും ന്യായം നോക്കിയേ ചെയ്യൂ. ആരുടെയും കപ്പം വാങ്ങിച്ചല്ല ഇവിടെ ഇരിക്കുന്നതെന്നും ഗിരിലാൽ പറഞ്ഞിരുന്നു. ഇതിന്റെ ശബ്ദ ശകലം സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഗിരിലാലിനെതിരെ നടപടി സ്വീകരിച്ചത്. സേനയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ക്യാബനറ്റ് റാങ്കിലുള്ള മന്ത്രിക്കെതിരെ ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. ഇതിന് പുറമേ പെരുമാറ്റം അച്ചടക്ക ലംഘനമാണെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഗിരിലാലിനെ വിജിലൻസിലേക്ക് മാറ്റിയത്. ഇന്നലെ പുതുതായി ചുമതലയേറ്റ എസ്പി ശിൽപ്പയുടെ നേതൃത്വത്തിൽ എസ്എച്ച്ഒമാരുടെ യോഗം വിളിച്ചിരുന്നു. ഇതിൽ ഗിരിലാൽ പങ്കെടുത്തില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ ജോലിയിൽ ഹാജരായില്ലെന്ന് കണ്ടെത്തി. ഇത് കൂടി കണക്കിലെടുത്തായിരുന്നു മാറ്റം. സംഭവത്തിൽ ഗിരിലാലിനെതിരെ മന്ത്രിയുടെ ഓഫീസ് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.