ചൈനയെ വിറപ്പിച്ച് യാഗി ചുഴലിക്കാറ്റ്….ഭീകര ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഴിപ്പിച്ചത് നാല് ലക്ഷം പേരെ…
കാറ്റഗറി അഞ്ചിലുള്‍പ്പെട്ട അറ്റ്‌ലാന്റിക് ചുഴലിക്കാറ്റായ ബെറിലിന് ശേഷം 2024-ല്‍ ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഉഷ്ണമേഖല ചുഴലിക്കാറ്റായി കണക്കാക്കുന്ന യാഗി ചൈനയെ വിറപ്പിച്ച് തീരം തൊട്ടു. ശക്തമായ മുന്‍കരതുല്‍ ഒരുക്കിയതോടെ ആളപായമൊന്നുമുണ്ടായില്ലെങ്കിലും നാല് ലക്ഷത്തിലധികം പേരെയാണ് ചൈനീസ് ദ്വീപ് പ്രവിശ്യയായ ഹൈനനില്‍ നിന്ന് ഒഴിപ്പിക്കേണ്ടി വന്നത്.
താരതമ്യേന ജനസാന്ദ്രത കൂടുതലുള്ള ഹൈനാനിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ചയാണ് ചുഴലിക്കാറ്റിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചൈനീസ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. നേരത്തെ പ്രഭവ കേന്ദ്രത്തിന് സമീപം മണിക്കൂറില്‍ 245 കിലോമീറ്റര്‍ (152 മൈല്‍) ആയിരുന്നു യാഗിയുടെ പരമാവധി വേഗം. ഹൈനന്‍ പ്രവിശ്യയിലെ വെന്‍ചാങ് നഗരത്തില്‍ പ്രദേശിക സമയം വൈകുന്നേരം 4:20 ന് (08:20 ജിഎംടി) ആണ് കാറ്റ് കരതൊട്ടത്. കാറ്റിനെ നേരിടാന്‍, ജനപ്രിയ അവധിക്കാല കേന്ദ്രം കൂടിയായ ഹൈനാനില്‍ നിന്ന് കുറഞ്ഞത് 419,367 നിവാസികളെ നിര്‍ബന്ധപൂര്‍വ്വം ഒഴിപ്പിക്കേണ്ടി വന്നതായി ചൈനീസ് വാര്‍ത്ത ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെതിരുന്നു.