ചെവി വേദനയും ചൊറിച്ചിലും… പരിശോധനയിലാണ് ഞെട്ടിക്കുന്ന സത്യാവസ്ഥ മനസിലാക്കാനായത്…..

ചെവി വേദന അനുഭവപ്പെടുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം. നിസാരമായ നീര്‍ക്കെട്ട് മുതല്‍ തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളുടെ വരെ ലക്ഷണമായി ചെവി വേദന വരാം. എന്നാലിവിടെ അധികം കേട്ടുകേള്‍വിയില്ലാത്ത ഒരു കാരണമാണ് ഒരു രോഗിയുടെ ചെവി വേദനയ്ക്ക് പിന്നില്‍ വന്നിരിക്കുന്നത്.  

അറുപത്തിനാല് വയസുള്ളയാള്‍ ചെവി വേദനയും ചൊറിച്ചിലും ചെവിയില്‍ നിന്ന് രക്തസ്രാവവുമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയത്. അസഹനീയമായ വേദനയായിരുന്നു ഇദ്ദേഹത്തിന്‍റെ പ്രധാന ലക്ഷണം. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സത്യാവസ്ഥ മനസിലാക്കാനായത്. വളരെ അപൂര്‍വമായി വ്യക്തികളില്‍ സംഭവിക്കുന്ന ദാരുണമായൊരു പ്രശ്നമായിരുന്നു ഇദ്ദേഹത്തിലുമുണ്ടായത്. ജീവനോടെയുള്ള മനുഷ്യരടക്കമുള്ള പല ജീവിവര്‍ഗങ്ങളുടെയും ശരീരത്തില്‍ എങ്ങനെയും കയറിപ്പറ്റി അവരുടെ മാംസം ഭക്ഷിച്ച് അതേ ശരീരത്തില്‍ തന്നെ മുട്ടയിട്ട് പെറ്റുപെരുകുന്നൊരു വിര. ഈ വിരയാണ് അറുപത്തിനാലുകാരനും തിരിച്ചടിയായത്. ഇദ്ദേഹത്തിന്‍റെ ചെവിക്കകത്ത് ഇവ എങ്ങനെയോ കയറിപ്പറ്റിയതാകണം. ചെവിയിലെ ഇയര്‍ കനാലിനകത്ത് ഇവ മുട്ടയിട്ട് ചുറ്റുമുള്ള മാംസവും ഭക്ഷിച്ച് തുടരുകയായിരുന്നു. ഇതിനിടെയാണ് അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ ഇദ്ദേഹം ആശുപത്രിയിലാകുന്നത്. 

മഞ്ഞയും വെള്ളയും നിറവുമുള്ള, സാധാരണ പുഴുക്കളെ പോലെ വളയങ്ങളോട് കൂടിയ- ഉരുണ്ട ശരീരമുള്ള ചെറിയ വിരയാണിത്. ‘കോക്ലിയോമിയ ഹോമിനിവോറാക്സ്’ എന്നാണിതിന്‍റെ യഥാര്‍ത്ഥ പേര്. മുറിവുകളിലൂടെയോ മറ്റോ ആണ് അധികവും ഇത് ശരീരത്തിലെത്തുക. ശേഷം നേരത്തെ സൂചിപ്പിച്ചത് പോലെ മാംസം ഭക്ഷിച്ചുകൊണ്ട്, ശരീരത്തിനകത്തേക്ക് കൂടുതല്‍ കൂടുതല്‍ തുളച്ചുചെല്ലും. ഇതിനിടെ പെണ്‍വിരകള്‍ മുട്ടയിട്ട് ഇവ, ഇവിടങ്ങളില്‍ തന്നെ വിരിയും. അങ്ങനെ ചെറുകണങ്ങള്‍ പോലെ നൂറുകണക്കിന് വിരകളുണ്ടാകാം. സമയത്തിന് ശ്രദ്ധിച്ചില്ലെങ്കിലോ ചികിത്സയെടുത്തില്ലെങ്കിലോ രോഗി മരിക്കാൻ വരെ ഈ വിര മതിയാകും. എന്തായാലും പോര്‍ച്ചുഗലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവത്തില്‍ രോഗി സുരക്ഷിതനാണ്. ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന്‍റെ ചെവി വൃത്തിയാക്കുകയും മരുന്ന് വയ്ക്കുകയും. വിരകളെ കൊന്ന് മുഴുവനായി പുറത്തെത്തിക്കുകയുമെല്ലാം ചെയ്തിരിക്കുന്നു. ഇപ്പോള്‍ ഇദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും ‘ഹോസ്പിറ്റല്‍ പെഡ്രോ ഹിസ്പാനോ’ അധികൃതര്‍ മാധ്യമങ്ങളിലൂടെ അറിയിക്കുന്നു. പോര്‍ച്ചുഗലിലാണ് സംഭവം.

Related Articles

Back to top button