ചൂട്അതികഠിനം..കുടിവെള്ളവുമില്ല..ക്ലാസ്സുകൾ ഓണ്‍ലൈനാക്കി പാലക്കാട്ട്…..
കനത്ത ചൂടും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത് ക്ലാസുകൾ ഓൺലൈനാക്കി അകത്തേത്തറ എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജ് .കോളേജ് അധികൃതരാണ് ഈ കാര്യം വ്യക്തമാക്കിയത് . ഹോസ്റ്റലുകളിൽ വെള്ളം കിട്ടുന്നിലെന്നാരോപിച്ച് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം കോളേജിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. അതേസമയം ടാങ്കിലേക്കുള്ള പൈപ്പുകൾ മുറിച്ചു മാറ്റിയ നിലയിലായിരുന്നെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി .
പാലക്കാട് പലയിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ് . അകത്തേത്തറ എൻഎസ്എസ് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ പ്രാഥമിക കൃത്യം നിർവഹിക്കാൻ പോലും വെള്ളമില്ലാത്ത സ്ഥിതിയാണെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ടാങ്കറിൽ വെള്ളമെത്തിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല.തുടർന്ന് വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്റെ റൂമിന് മുന്നിൽ ബക്കറ്റുകളുമായി കുത്തിയിരിപ്പ് സമരം നടത്തി. ഇതോടെ ഓൺലൈൻ ക്ലാസുകൾ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഒരാഴ്ചത്തേക്കാണ് ക്ലാസുകൾ ഓൺ ലൈനായി നടത്തുക.ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതി പരിശോധിച്ച് തുടർ നടപടിയെടുക്കും.