ചാലിയാറിൽ തിരച്ചിലിനിറങ്ങി, സന്നദ്ധപ്രവർത്തകർ വനത്തിൽ കുടുങ്ങി
മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായി ചാലിയാറിൽ തിരച്ചിലിന് പോയ സന്നദ്ധപ്രവർത്തകർ വനത്തിൽ കുടുങ്ങി. 14 എസ്ഡിപിഐ പ്രവർത്തകരാണ് വനത്തിൽ കുടുങ്ങിയത്. നിലവിൽ സൂചിപ്പാറക്ക് സമീപത്താണ് സംഘമുള്ളത്. ചാലിയാറിൽ വെള്ളം കൂടിയതോടെ മറുകരയിലേക്ക് കടക്കാനാകാതെ ഇവർ കുടുങ്ങിപ്പോകുകയായിരുന്നു.അതേസമയം മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് മഴ ശക്തമായി തുടരുകയാണ്. പുന്നപ്പുഴ കുത്തിയൊഴുകുകയാണ്. ഒഴുക്കിന്റെ ശക്തിയിൽ, ദുരന്തത്തിന് ശേഷം പുഴയ്ക്ക് കുറുകെ താത്കാലികമായി നിർമ്മിച്ച ഇരുമ്പ് പാലം തകർന്നു. ബെയ്ലി പാലത്തിന് സമാന്തരമായുള്ള പാലമാണ് തകർന്നത്. മഴ ശക്തമായതോടെ ബെയ്ലി പാലം അടച്ചിരിക്കുകയാണ്. മുണ്ടക്കൈയിലും പരിസര പ്രദേശങ്ങളിലും ഉച്ചവരെ വെയിലായിരുന്നു. വൈകിട്ടോടെയാണ് മഴ ശക്തമായത്.
ശക്തമായ ഒഴുക്കിനിടെ പശു പുന്നപ്പുഴയിലൂടെ ഒഴുകിപ്പോയി. അഗ്നിരക്ഷാപ്രവർത്തകരടക്കമുള്ളവർ മുക്കാൽ മണിക്കൂറോളം സമയമെടുത്താണ് പശുവിനെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. ഒഴുക്കിനിടെ പശുവിന്റെ കാൽ തകർന്ന പാലത്തിൽ കുടുങ്ങുകയായിരുന്നു. പശുവിന് പ്രാഥമിക ശുശ്രൂഷ നൽകി.