ക്രിപ്റ്റോ കറൻസി ട്രേഡ് തട്ടിപ്പുകേസ് : ഒന്നാം പ്രതി ഭോപ്പാലിൽ നിന്ന് പിടിയിൽ

പത്തനംതിട്ട കോഴഞ്ചേരി തെക്കേമല സ്വദേശിയായ യുവാവിന്റെ നാല്പത്തിയാറു ലക്ഷം രൂപ സൈബർ തട്ടിപ്പ് വഴി കവർന്നെടുത്ത സംഘത്തിലെ ഒരാളെ ആറന്മുള പോലീസ് മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ജലോൺ ജില്ലയിൽ ഭാവനീരം വീട്ടുനമ്പർ 167 ൽ നിന്നും, മധ്യപ്രദേശ് ഭോപ്പാൽ ജില്ലയിൽ ഹുസുർ ജെ പി നഗർ ദിവ്യ സ്റ്റീൽസിന് സമീപം ബി ഡി എ 1, സോൺ 1 ൽ താമസം മനവേന്ദ്ര സിംഗ് കുഷ്വാഹാ (39) യെയാണ് ആറന്മുള പോലീസ് ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ടെലഗ്രാം ആപ്ലിക്കേഷൻ വഴി ക്രിപ്റ്റോ കറൻസി ട്രേഡ് നടത്തി ലാഭം ഉണ്ടാക്കാം എന്ന പരസ്യം കണ്ട യുവാവ്, ഒരു ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് ടെലഗ്രാം ഗ്രൂപ്പിൽ അംഗമായി. തുടർന്ന്, അമേരിട്രേഡ് എന്ന അമേരിക്കൻ കമ്പനിയുടെ പ്ലാറ്റ്ഫോമിൽ യു എസ് ഡി ടി എന്ന ക്രിപ്റ്റോ കറൻസി ബിസിനസിൽ 100 ഡോളർ നിക്ഷേപിച്ചാൽ 24 മണിക്കൂറിനുള്ളിൽ 1000 ഡോളർ തിരികെ ലഭിക്കുമെന്നും മറ്റുമുള്ള പരസ്യങ്ങളും വാഗ്ദാനങ്ങളും എത്തിതുടങ്ങി. കമ്പനിയുടെ ഏജൻറ് എന്ന തരത്തിൽ നിരന്തരം യുവാവിനെ തട്ടിപ്പുകാരൻ വിളിച്ചുകൊണ്ടിരുന്നു. ഇതിൽ വിശ്വസിച്ച് ഇയാൾ കഴിഞ്ഞവർഷം ജൂലൈ 8 മുതൽ ഡിസംബർ 16 വരെ പലതവണകളായി ആദ്യം 23 ലക്ഷം രൂപ തട്ടിപ്പുകാർ നൽകിയ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്തു.


യുവാവ് മുടക്കിയ തുകയും അതിൻറെ മൂന്നു മടങ്ങായി ക്രിപ്റ്റോ കറൻസി ബിസിനസ്സിൽ ലഭിച്ച ലാഭവും കാണിക്കുന്ന വെബ്സൈറ്റ് സ്ക്രീൻഷോട്ട് വ്യാജമായി ഉണ്ടാക്കി പിന്നീട് തട്ടിപ്പുകാർ അയച്ചുകൊടുത്തു.
ഇത് കാണുന്നതിനുള്ള ഒരു ആപ്ലിക്കേഷനും അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഈ തുക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സമയം പ്രോസസിങ് ചാർജ് ,ഓ ടി പി ചാർജ് ,ഡെലിവറി ചാർജ് ,ടാക്സ് എന്നിങ്ങനെ വിവിധതരത്തിൽ പലതവണയായി പരാതിക്കാരന്റെ കയ്യിൽ നിന്നും വീണ്ടും 23 ലക്ഷം രൂപ കൂടി തട്ടിയെടുത്തു. 2024 മാർച്ച് അഞ്ചിന് സ്റ്റേഷനിൽ യുവാവ് പരാതി നൽകിയതു പ്രകാരം ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പരാതിക്കാരനുമായി തട്ടിപ്പുകാർ ബന്ധപ്പെട്ട ഫോൺ നമ്പരുകളും, തുകകൾ അയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പോലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിർദേശപ്രകാരം അന്വേഷണം ഊർജ്ജിതമാക്കിയതിൽ ഇപ്പോൾ അറസ്റ്റിലായ മാനവേന്ദ്ര സിംഗ് ഖുഷ്യാഹയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളിലായി 35 ലക്ഷത്തോളം രൂപ കൈമാറിയിട്ടുള്ളതായി തെളിഞ്ഞു. തുടർന്ന് പോലീസ് സംഘം, മധ്യപ്രദേശിലെത്തി രണ്ട് ദിവസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിൽ ഒന്നാം പ്രതിയായ ഖുഷ്യാഹ കുടുങ്ങുകയായിരുന്നു. തട്ടിപ്പ് നടന്നതിനുശേഷം യുവാവ് ഏറെ വൈകിയാണ് പരാതി നൽകിയത് എന്നതിനാൽ നഷ്ടമായ തുക തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രതിയുടെ അക്കൗണ്ടിൽ നിന്നും തുകകൾ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുള്ളതായി കണ്ടതിനെ തുടർന്ന് ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.


ഉത്തർപ്രദേശ് സ്വദേശിയായ ഖുഷ്യാഹ കഴിഞ്ഞ ആറ് വർഷമായി മധ്യപ്രദേശിൽ താമസിച്ച് ഒരു ഹോട്ടലിൽ റിസപ്ഷനിസ്റ്റ് ആയി ജോലി നോക്കി വരികയാണ്. പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും. ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നിർദ്ദേശ പ്രകാരം ആറന്മുള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐ വിനോദ് കുമാർ, എഎസ് ഐ സലിം, എസ് സി പി ഓമാരായ പ്രദീപ് , ബിന്ദുലാൽ എന്നിവർ അടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്

Related Articles

Back to top button