കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു..രക്ഷാപ്രവർത്തനം തുടരുന്നു….
കൊച്ചി: കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാന കിണറ്റില്‍ വീണു. വനംവകുപ്പും പൊലീസും നാട്ടുകാരും ചേര്‍ന്ന് ആനയെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ ഒരുമണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണത്.ചതുരാകൃതിയിലുള്ള കിണറിന് വലിയ ആഴമില്ലാത്തതിനാല്‍ ആനയെ എത്രയും വേഗം രക്ഷപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനയ്ക്ക് തനിയെ കയറിപോകാനായില്ലെങ്കില്‍ മണ്ണിടിച്ച് രക്ഷപ്പെടുത്തേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം പ്രദേശത്ത് സ്ഥിരം പ്രശ്‌നക്കാരനായ ആനയെ മയക്കുവെടിവെച്ച് പിടികൂടി കൊണ്ടുപോകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ജനവാസമേഖല ആയതിനാൽ ആനയെ പുറത്ത് എത്തിച്ചാൽ വീണ്ടും പ്രശ്നങ്ങൾ തുടരും എന്നും നാട്ടുകാർ പറഞ്ഞു.കഴിഞ്ഞ കുറെ ദിവസങ്ങളായി കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. ഇതില്‍ ഒരു കൊമ്പന്‍ ആണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റില്‍ വീണത് എന്നും നാട്ടുകാർ വ്യക്തമാക്കി .