കേരള ബാങ്കില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമം; യുവതികൾ പിടിയിൽ
തിരുവനന്തപുരം: വർക്കലയിൽ ബാങ്കിൽ നിന്നും 81 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച രണ്ട് യുവതികൾ പിടിയിൽ. വർക്കല രഘുനാഥപുരം സ്വദേശിനികളായ സൽമ, രേഖ വിജയൻ എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. കേരള ബാങ്കിന്റെ വർക്കല പുത്തൻചന്ത ശാഖയിൽ നിന്നാണ് യുവതികൾ പണം തട്ടാൻ ശ്രമം നടത്തിയത്. സ്വയം തൊഴിൽ സംഘങ്ങളുടെ പേരിലാണ് ഇവര്‍ വായ്പ തട്ടാൻ ശ്രമിച്ചത്.
വർക്കല നഗരസഭയിലെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി ചെയർപേഴ്സൺ ഭവാനിയമ്മയുടെ വ്യാജ ഒപ്പും, സീലും, ലെറ്റർ പാഡും,
മെമ്പർ സെക്രട്ടറിയുടെ ഒപ്പും, ഓഫീസ് സീലും, ഉപയോഗിച്ച് ശുപാർശ കത്തും, അഫിലിയേഷൻ സർട്ടിഫിക്കറ്റുമാണ് യുവതികൾ വ്യാജമായി നിർമ്മിച്ചത്. വാർഡ് തലങ്ങളിൽ ഒരാളിന് അറുപതിനായിരം രൂപ വച്ച് അഞ്ച് സ്ത്രീകളടങ്ങുന്ന 27 ഗ്രൂപ്പുകൾക്ക് വായ്പ ഇനത്തിൽ പണം തട്ടിയെടുക്കാനാണ് യുവതികൾ ശ്രമിച്ചത്.
വ്യാജ ലെറ്റർ പാഡിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചപ്പോൾ സംസാരിച്ച യുവതിയുടെ ശബ്ദത്തിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ ഇന്റർനെറ്റിൽ നിന്നും വർക്കല സിഡിഎസ് ചെയർപേഴ്സന്റെ നമ്പർ ശേഖരിച്ച് വിളിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഉടൻ തന്നെ സിഡിഎസ് ചെയർപേഴ്സൺ ഭവാനിയമ്മ നേരിട്ട് കേരള ബാങ്കിൽ എത്തുകയും രേഖകൾ ഒന്നും താൻ നൽകിയതല്ലെന്ന് നേരിട്ട് കണ്ട് ഉറപ്പുവരുത്തുകയും ചെയ്തു. തട്ടിപ്പ് മനസ്സിലാക്കിയ ബാങ്ക് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സിഡിഎസ് ചെയർപേഴ്സൺ ഭവാനിയമ്മ, മുനിസിപ്പൽ സൂപ്രണ്ട്, നഗരസഭാ സെക്രട്ടറി, എന്നിവർ ഈ തട്ടിപ്പ് സംബന്ധിച്ച് പ്രത്യേകം പരാതികൾ പൊലീസിൽ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ സമാനമായ മറ്റ് തട്ടിപ്പുകൾ ഈ യുവതികൾ നടത്തിയിട്ടുണ്ടോ എന്നും ഇവരോടൊപ്പം മറ്റാർക്കെങ്കിലും ഈ തട്ടിപ്പിൽ പങ്കുണ്ടോ എന്നുമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.