കെ ഫോൺ ഇനി ഓർമകളിൽ…പദ്ധതിയിൽ നിന്നും പിന്മാറി കരാർ കമ്പനികൾ…
തിരുവനന്തരപുരം: സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകാനായി പിണറായി സർക്കാർ നടപ്പാക്കിയ കെ-ഫോൺ പദ്ധതി അവതാളത്തിൽ. പാതിവഴിയിൽ കരാർ കമ്പനികൾ പിൻമാറിയതോടെ സർക്കാർ വെട്ടിലായിരിക്കുകയാണ്. തദ്ദേശവകുപ്പ് നൽകിയ ഗുണഭോക്തൃ പട്ടിക കൃത്യമല്ലാത്തതിനാൽ പിൻമാറുകയാണ് എന്നാണ് സർക്കാരിന് കമ്പനിയുടെ അറിയിപ്പ്.സംസ്ഥാനത്ത് 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ കണക്ഷൻ എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പിന്നീട് ആദ്യഘട്ടത്തിൽ 14,000 കുടുംബങ്ങൾക്ക് എന്നായി. ഒരു മണ്ഡലത്തിൽ 100 പേർ എന്ന കണക്കിൽ 140 നിയോജക മണ്ഡലങ്ങളിൽ അത് കൊടുത്ത് തീർക്കാൻ പോലും കഴിഞ്ഞ പത്ത് മാസമായി കെ ഫോണിന് കഴിഞ്ഞിട്ടില്ല.ആദ്യഘട്ടത്തിൽ ഇനിയും 7000 കണക്ഷൻ ബാക്കി നില്‍ക്കേയാണ് കമ്പനിയുടെ പിൻമാറ്റം
ഉദ്ഘാടന ദിവസം 2,105 കുടുംബങ്ങളിലേക്ക് സൗജന്യ കണക്ഷൻ കിട്ടിയെന്ന് അവകാശപ്പെട്ട കെ ഫോൺ ഇത് വരെ അധികം നൽകിയത് വെറും 3,199 കണക്ഷൻ മാത്രമാണ്. 30,438 സർക്കാർ ഓഫീസുകളിൽ ഇപ്പോഴും 21,072 ഓഫീസുകളിൽ മാത്രമാണ് കെ-ഫോൺ കണക്ഷൻ ഉള്ളത്. നിലവിൽ കണക്ഷൻ ഉപയോഗിക്കുന്നവവരും കെ-ഫോൺ ഉപേക്ഷിക്കാനുള്ള പദ്ധതിയിലാണ്. വേഗതയേറിയ ഇന്റർനെറ്റ് ലഭ്യമാകാത്തതാണ് പ്രധാന കാരണം.അതിനിടെ കെ-ഫോൺ ഉപയോഗിക്കുന്നവർ എത്രയും വേഗം ബില്ലടയ്ക്കണമെന്ന നിർദ്ദേശവും അടുത്തിടെ സർക്കാർ മുന്നോട്ട് വച്ചിരുന്നു. 20 Mbps മുതൽ 250 Mbps വരെ വേഗമുള്ള ഇന്റർനെറ്റ് ലഭിക്കുന്ന പ്ലാനുകളാണ് അവതരിപ്പിച്ചത്. മൂന്ന് മാസത്തേക്ക് 1,794 രൂപ മുതൽ 7,494 രൂപ വരെയായിരുന്നു വാടക. എന്നാൽ അതിവേഗ ഇന്റർനെറ്റ് നൽകുന്നതിൽ പദ്ധതി സമ്പൂർണ പരാജയമായിരുന്നു…….