കെ.എം. ബഷീര്‍ കൊലപാതകം; പ്രതി ശ്രീറാം വെങ്കിട്ടരാമന് നാളെ കോടതിയിൽ ഹാജരാകണം
തിരുവനന്തപുരം: സിറാജ് ബ്യൂറോ ചീഫ് കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമന് നാളെ ഹാജരാകണം. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹാജരാകേണ്ടത്.
കഴിഞ്ഞ ജൂൺ ആറിന് കേസ് പരിഗണിച്ചപ്പോൾ നാളെ കോടതിയിൽ ഹാജരായി വാദം ബോധിപ്പിക്കാൻ കോടതി ഉത്തരവായിരുന്നു. കേസ് വൈകിപ്പിക്കുന്നതിനായി ശ്രീറാം മൂന്ന് തവണയാണ് വാദം ബോധിപ്പിക്കാന്‍ സമയം ആവശ്യപ്പെട്ടത്. കഴിഞ്ഞ ജൂൺ ആറിനും മാര്‍ച്ച് 30നും കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11നും കേസ് പരിഗണിച്ചപ്പോഴയിരുന്നു പ്രതി സമയം തേടിയത്. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി അനിൽകുമാറാണ് കേസ് പരിഗണിക്കുന്നത്.
2023 ഓഗസ്റ്റ് 25 നാണ് കേസില്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി ശ്രീറാം വെങ്കിട്ടരാമന്റെ റിവിഷന്‍ ഹർജി തിരസ്കരിച്ചത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം സുപ്രീംകോടതി തള്ളിക്കൊണ്ടായിരുന്നു നടപടി. സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. 2019 ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച വാഹനം ഇടിച്ച് കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്.