കുളത്തുപ്പുഴ ക്ഷേത്രത്തിലെ ശാസ്താവിന്റെ ‘തിരുമക്കൾ’ മീനുകളെ പിടികൂടി കറിവച്ചു..മൂന്ന്പേർ പിടിയിൽ….

കൊല്ലം: കുളത്തുപ്പുഴ ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ ‘തിരുമക്കള്‍’ എന്നറിയപ്പെടുന്ന മത്സ്യങ്ങളെ പിടികൂടി കൊന്നു കറിവച്ച സംഭവത്തില്‍ മൂന്നുപേരെ പോലീസ് പിടികൂടി .കൊല്‍ക്കത്ത സ്വദേശികളായ സാഫില്‍ (19), ബസറി (23), പതിനേഴുകാരന്‍ എന്നിവരെയാണ് കുളത്തുപ്പുഴ പൊലീസ് പിടികൂടിയത്. മേടവിഷു മഹോത്സവത്തിന്റെ ഭാഗമായി സ്വകാര്യവ്യക്തിയുടെ വസ്തു വാടകയ്ക്ക് എടുത്തു കച്ചവടം നടത്തുന്നവരാണ് പിടിയിലായത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവര്‍ നിരോധിത മേഖലയില്‍ നിന്നും മീനുകളെ പിടിക്കാറുണ്ടായിരുന്നു. ഇവരുടെ ആറിനു സമീപത്തെ സാന്നിധ്യം മനസിലാക്കിയ നാട്ടുകാരില്‍ ചിലര്‍ മീന്‍ പിടിക്കാന്‍ പാടില്ലന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് പ്രതികള്‍ തിരുമക്കളെ പിടികൂടുകയും കൊന്നു കറിയാക്കുകയും ചെയ്തത് .നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ക്ഷേത്ര ഉപദേശക സമിതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കസ്റ്റഡിയില്‍ എടുത്ത മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി അനീഷ്‌ പറഞ്ഞു.ധർമശാസ്താവിനോളം പ്രാധാന്യമുള്ള മീനുകളാണ് തിരുമക്കൾ .തിരുമക്കളെ കാണുന്നതിനും മീനൂട്ട് വഴിപാടു നടത്തുന്നതിനുമായി നൂറുകണക്കിന് വിശ്വാസികളാണ് വിവിധയിടങ്ങളില്‍ നിന്നുമായി ഇവിടെ എത്താറുള്ളത്

Related Articles

Back to top button