ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം….തുടരന്വേഷണം വേണമെന്ന് ആവശ്യവുമായി പൊലീസ്…. കാരണം…

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ. കേസിൽ നാലാമതൊരു പ്രതി കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഒരു മാധ്യമത്തോട് പറഞ്ഞെന്ന പ്രചരണത്തിന് പിന്നാലെയാണ് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് മേധാവി തുടർ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. 2023 നവംബറിലാണ് ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയത്. പൊലീസ് തെരച്ചിൽ ശക്തമാക്കിയതോടെ ഒരു ദിവസത്തിന് ശേഷം പ്രതികൾ കുട്ടിയെ കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു. ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രതികൾ. മുന്ന് പേരും റിമാൻഡിലായി. അനുപമയ്ക്ക് കോടതി ജാമ്യം നൽകിയിരുന്നു.  കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് തുടർ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിൽ നാലാമതൊരാൾ കൂടിയുണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഒരു മാധ്യമത്തോട് പറഞ്ഞത് പരിശോധിക്കുന്നതിനാണ് തുടർ അന്വേഷണം എന്ന് പൊലീസ് കോടതിയിൽ അറിയിച്ചു.  എന്നാൽ നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നാണ് കുട്ടിയുടെ അച്ഛന്റെ പ്രതികരണം. മകളെ തട്ടിക്കൊണ്ട് പോയത് നാല് പേർ ചേർന്നാണെന്ന് മകൻ പറഞ്ഞ സംശയമാണ് പങ്കുവെച്ചത്. തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും അച്ഛൻ പറഞ്ഞു. കൊല്ലം റൂറൽ ജില്ല ക്രൈം ബ്രാഞ്ച് മേധാവി എം എം ജോസാണ് തുടർ അന്വേഷണ അപേക്ഷ സമർപ്പിച്ചത്. പൊലീസിന്റെ അപേക്ഷ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

Related Articles

Back to top button