ഒരു കോഴിമുട്ടയുടെ വില 48,000 രൂപ
ഒരു മുട്ട വാങ്ങാൻ നമ്മളെത്ര രൂപ നൽകും? പത്തിൽ താഴെ ആവും അല്ലേ? അല്ലെങ്കിൽ കൂടി വന്നാൽ പത്തോ പതിനഞ്ചോ രൂപ നൽകും. എന്നാൽ, 48,000 രൂപയ്ക്ക് ഒരു മുട്ട വിൽക്കുന്നത് വിശ്വസിക്കാനാവുമോ എന്നാൽ, അങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കയാണ്. അതിന്റെ കാരണം തികച്ചും വിചിത്രമാണ്.
ഒരു കുടുംബത്തിന്റെ വളർത്തു കോഴി തികച്ചും വട്ടത്തിലുള്ള ഒരു മുട്ട ഇട്ടു. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണ് ഒരു കോഴി തികച്ചും വട്ടത്തിലുള്ള മുട്ട ഇടുക എന്നത്. അങ്ങനെയാണ് ഈ പ്രത്യേകതയുള്ള മുട്ട 48,000 രൂപയ്ക്ക് വിൽക്കാൻ വച്ചത്. ഇത്രയും വട്ടത്തിലുള്ള മുട്ട കിട്ടിയപ്പോൾ കുടുംബവും ഞെട്ടിപ്പോയിരുന്നു.
കഴിഞ്ഞ 20 വർഷമായി തന്റെ വീട്ടിൽ രക്ഷപ്പെടുത്തി കൊണ്ടുവരുന്ന കോഴികളെ വളർത്തുന്ന സ്ത്രീയാണ് വെസ്റ്റ് ഓക്‌സ്‌ഫോർഡ്‌ഷയറിലെ അന്നബെൽ മുൽകാഹി. അവരാണ് ഇങ്ങനെ ഒരു മുട്ട ആദ്യമായി കണ്ടെത്തിയത്. രണ്ടു പെൺമക്കളുടെ അമ്മയാണ് മുൽകാഹി. ഇപ്പോൾ, അവളുടെ കുട്ടികളും കുടുംബവും അമ്മയെ പോലെ തന്നെ പക്ഷികളെ സംരക്ഷിക്കുന്നതിൽ താൽപര്യം കാണിക്കുന്നുണ്ട്.
കൃത്യം വട്ടത്തിൽ മുട്ടയിട്ട കോഴിയുടെ പേര് ട്വിൻസ്കി എന്നാണ്. മുൽകാഹിയുടെ ഒരു മകളുടെ പേരാണ് ഈ കോഴിക്ക് നൽകിയിരിക്കുന്നത്. കൃത്യം വട്ടത്തിൽ ഒരു മുട്ട കണ്ടപ്പോൾ മുൽകാഹി അതിനെ കുറിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തു. അപ്പോഴാണ് അത് അപൂർവങ്ങളിൽ അപൂർവമായ സംഭവമാണ് എന്ന് മനസിലായത്. അങ്ങനെ എല്ലായ്പ്പോഴും കിട്ടുന്ന ഒന്നല്ല ഇങ്ങനെ ഒരു മുട്ട എന്നും അവർക്ക് മനസിലായി.
അങ്ങനെയാണ് ആ മുട്ട തിന്നുന്നില്ല എന്ന് തീരുമാനിച്ചത്. ശേഷം അത് വിൽക്കാൻ വച്ചു. അതിൽ നിന്നും കിട്ടുന്ന തുക കൂടുതൽ കോഴികളുടെ സംരക്ഷണ പ്രവർത്തനത്തിന് ഉപയോഗിക്കാം എന്നാണ് അവർ കരുതുന്നത്. വളരെ പെട്ടെന്ന് തന്നെ 48,000 രൂപ വരെ അതിന് ഓഫർ ചെയ്ത് കഴിഞ്ഞിരിക്കയാണ്.