ഒരു കാപിയുടെ വില കേട്ട് ഞെട്ടി !!
വറുത്ത് പൊടിച്ച കാപ്പിക്കുരുവും നല്ല പാലും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത സൂപ്പർ കാപ്പി…ആലോചിക്കുമ്പോൾ തന്നെ കൊതിവരും. എത്ര കാപ്പി പ്രേമിയാണെങ്കിലും ഒരു ഫിൽറ്റർ കോഫിക്ക് എത്ര രൂപ വരെ ചെലവാക്കും? കടകളിൽ 15-20 രൂപ വരെയാണ് കാപ്പിക്ക് വില. എന്നാൽ ഇതേ കാപ്പി 290 രൂപയ്ക്ക് വിൽക്കുന്നതിനെ കുറിച്ച് ചിന്തിച്ച് നോക്കൂ !
സ്റ്റാർബക്സിലാണ് ഈ ‘കൊള്ള’ നടക്കുന്നത്. സാധാരണ ഫിൽറ്റർ കോഫിക്ക് ഇവിടെ 290 രൂപയാണ്. ടാക്സ് വേറെയും. ‘അജ്ജി അപ്രൂവ്ഡ് ഫിൽറ്റർ കോഫി’ എന്നാണ് ഇതിന് നൽകിയിരിക്കുന്ന പരസ്യം. അജ്ജി എന്നാൽ മുത്തശ്ശി എന്നാണ് അർത്ഥം.
ഫിൽറ്റർ കോഫിയുടെ വില കേട്ടവർ സ്റ്റാർബക്സിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. ലോകത്ത് ഒരു മുത്തശ്ശിയും ഇത്രയധികം വിലയ്ക്ക് കാപ്പി വിൽക്കാൻ സമ്മതിക്കില്ലെന്ന് സോഷ്യൽ മിഡിയ ഒരേ സ്വരത്തിൽ പറയുന്നു.