ഒരുകൈ വെട്ടിമാറ്റി… 46 മുറിവുകൾ….

പത്തനംതിട്ട: സമൂഹമനസാക്ഷിയെ ഞെട്ടിച്ച ന​രബലി നടന്ന ഇലന്തൂരിൽ എട്ടുവർഷം മുമ്പു കൊലപാതകം. 50കാരിയായ സരോജിനി എന്ന സ്ത്രീയെയാണ് അന്ന് ദേഹമാസകലം മുറിവുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടും പ്രതികളെക്കുറിച്ച് എട്ടുവർഷമായിട്ടും യാതൊരു വിവരവുമില്ല. 2014 സെപ്റ്റംബർ 14നാണ് സരോജിനിയെ കാണാതാകുന്നത്. ഇലന്തൂർകാരംവേലിയിലെ സ്വകാര്യ ഹോമിയോ ഡോക്ടറുടെ സഹായിയായി ജോലി ചെയ്യുകയായിരുന്നു. കാണാതായ ദിവസം രാവിലെ ജോലിക്ക് പോയിരുന്നു.. എന്നാൽ വീട്ടിൽ തിരിച്ചെത്തിയില്ല. രാത്രി മുഴുവൻ പൊലീസും കുടുംബവും നാട്ടുകാരും തിരഞ്ഞെങ്കെലും കണ്ടെത്തിയില്ല. തൊട്ടടുത്ത ദിവസം സെപ്റ്റംബർ 15ന് രാവിലെ പന്തളം ഉള്ളന്നൂരിൽനിന്ന് മൃതദേഹം കണ്ടെത്തി.

ഒരുകൈ പൂർണമായി വെട്ടിമാറ്റിയ മൃതദേഹത്തിൽ 46 മുറിവുളുണ്ടായിരുന്നു. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചെങ്കിലും പൊലീസ് അന്വേഷണത്തിൽ തുമ്പുണ്ടായില്ല. തുടർന്ന് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തെങ്കിലും കൊലപാതകത്തെക്കുറിച്ച് തെളിവുകൾ ലഭിച്ചില്ല. മുറിവുണ്ടാക്കിയ ആയുധമോ കൊല നടന്ന സ്ഥലമോ അന്വേഷണത്തിൽ വ്യക്തമായില്ല. നരബലിക്ക് ശേഷം സരോജിനിയുടെ മരണം അന്വേഷിക്കണമെന്ന ആവശ്യം നാട്ടുകാരും കുടുംബവും വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. മരണത്തെക്കുറിച്ച് വീണ്ടും അന്വേഷിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

Related Articles

Back to top button