ഒടുവിൽ ആശ്വാസം..പമ്പിങ് ആരംഭിച്ചതായി മേയർ ആര്യ രാജേന്ദ്രൻ…
നാലു ദിവസത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി തിരുവനന്തപുരത്ത് പമ്പിങ് ആരംഭിച്ചതായി മേയർ.കോർപ്പറേഷൻ പരിധിയിലെ കുടിവെള്ള പ്രശ്നം പരിഹരിച്ചതായി മേയർ ആര്യ രാജേന്ദ്രൻ അറിയിക്കുകയായിരുന്നു.പമ്പിങ് തുടങ്ങിയതോടെ നഗരത്തിൽ ഉടൻ കുടിവെള്ളമെത്തും. ഒന്നര മണിക്കൂർ കൊണ്ട് താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം എത്തുമെന്നും മൂന്ന് മണിക്കൂർ കൊണ്ട് എല്ലായിടങ്ങളിലും കുടിവെള്ളം എത്തുമെന്നും മേയർ അറിയിച്ചു.വാട്ടർ അതോറിറ്റി പ്രതീക്ഷിച്ച സമയത്ത് പണിപൂർത്തിയാക്കാനായില്ല. പ്രശ്നം പരിഹരിക്കാൻ എല്ലാവരും ഒന്നിച്ചു നിന്നുവെന്നും മേയർ പറഞ്ഞു. ഇത്തരം വലിയ പ്രവർത്തികൾ നടത്തുമ്പോൾ നഗരസഭയെ അറിയിക്കണമെന്ന് ജല അതോറിറ്റിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണോ എന്നത് സർക്കാർ തീരുമാനിക്കണമെന്നും മേയർ മാധ്യമങ്ങളോട് പ്രതികരിച്ചു.