ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മമ്മൂട്ടി
ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി ആയുള്ള മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ആരാധകർ ആശയക്കുഴപ്പത്തിൽ ആയത്. പിന്നീട് പോസ്റ്ററിൽ മാത്യു ദേവസ്യ എന്ന പേര് ശ്രദ്ധിച്ചപ്പോൾ ആണ് കാര്യം ഏതാണ്ട് വ്യക്തമായത്. മമ്മൂട്ടി-ജിയോ ബേബി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാതൽ എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ ആണിത്.
തീക്കോയി ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന മാത്യു ദേവസി എന്ന ഇടതുപക്ഷ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തീക്കോയി ഗ്രാമപഞ്ചായത്തിന്റെ മൂന്നാം വാർഡ് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി മാത്യു ദേവസ്യ വിജയിപ്പിക്കുക എന്നാണ് മമ്മൂട്ടിയുടെ ചിത്രമുള്ള ഫ്ലെക്സില്‍ എഴുതിയിരിക്കുന്നത്.
രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന സിനിമയാണോ പ്രണയ ചിത്രമാണോ എന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് ആരാധകർ. ‘കാതൽ ദി കോർ’ എന്ന ചിത്രത്തിൽ തമിഴ് താരം ജ്യോതികയാണ് നായികയായി എത്തുന്നത്. നടി സെറ്റിൽ ജോയിൻ ചെയ്തതായാണ് സൂചന. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്നത്. മലയാളത്തിൽ ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത സീതാകല്യാണം എന്ന ചിത്രത്തിലാണ് ജോലിക മുമ്പ് അഭിനയിച്ചത്.
ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ ദി കോർ’ ഒരു ഫാമിലി ഡ്രാമയാണ്. മമ്മൂട്ടി നായകനായ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എഴുത്തുകാരനായ ആദർശ് സുകുമാരനും പോൾസൺ സ്കറിയും ചേർന്നാണ്. സാലു കെ തോമസ് ചായാഗ്രഹണവും എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസും നിർവഹിക്കും. മാത്യൂസ് പുളിങ്കാനാണ് കാതൽ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം, കലാ ഷാജി നടുവിൽ.