‘ഇടതുപക്ഷത്തിന് പണം നൽകേണ്ട ആവശ്യമില്ല’ സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി…

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം നൽകുന്നത് സംബന്ധിച്ച കെ. സുധാകരന്‍റെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരും ദുരിതാശ്വാസനിധിയോട് സഹകരിക്കുകയാണെന്നും സുധാകരന്‍ പ്രത്യേകമായി എന്തെങ്കിലും പറഞ്ഞതായിരിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ദുരിതാശ്വാസനിധിയുമായി സഹകരിക്കുന്ന നിലപാടാണ് പൊതുവിൽ എല്ലാവരും സ്വീകരിക്കുന്നത്. ധനസഹായ ശേഖരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അപ്പോൾ ചെറിയ ശബ്ദങ്ങളെ പ്രധാനമെന്ന് നമ്മൾ കാണേണ്ട. ഈ വിഷയത്തിൽ ആരോഗ്യകരമായ സമീപനമാണ് എല്ലാവരും സ്വീകരിക്കുന്നത്.
നാം ഒന്നിച്ച് നീങ്ങി കൊണ്ടിരിക്കുകയാണ്. സുധാകരന്‍റെ പ്രസ്താവനയിൽ എന്താണ് ഉണ്ടായതെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

മുൻ പ്രതിപക്ഷ നേതാവും എം.എൽ.എയുമായ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതിനെതിരെയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചത്. സർക്കാറിന് സംഭാവന നൽകണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്നും ഇടതുപക്ഷത്തിന് പണം കൊടുക്കേണ്ട ആവശ്യമില്ലെന്നുമാണ് സുധാകരൻ പറഞ്ഞത്.

Related Articles

Back to top button