ആലപ്പുഴയിൽ ക്ഷേത്രം കുത്തി തുറന്ന് മോഷണം.. അന്വേഷണം ഊർജ്ജിതം…
ആലപ്പുഴ മാന്നാർ പാവുക്കര തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം.ക്ഷേത്രത്തിന്റെ ഓഫീസ് കുത്തി തുറന്ന് 35,000 രൂപയോളം മോഷ്ടിച്ചതായി അധികൃതർ വ്യക്തമാക്കി .തിങ്കളാഴ്ച രാത്രി എട്ടു മണിക്കും ഇന്നലെ പുലർച്ചെയ്ക്കുമിടയിലാണ് മോഷണം നടന്നത് .രാവിലെ ഓഫീസ് തുറക്കാനെത്തിയ ക്ഷേത്ര ഭാരവാഹിയാണ് ഓഫീസ് മുറി കുത്തി തുറന്ന നിലയിൽ കണ്ടെത്തിയത് .പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .പാവുക്കര 2295ാം നമ്പർ എൻഎസ്‌എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം.
ഓഫീസ് മുറി കുത്തി തുറന്ന് മുറിയിൽ ഉണ്ടായിരുന്ന അലമാരയുടെ പൂട്ട് പൊളിച്ച് അതിനുള്ളിലെ ലോക്കറും കുത്തി തുറന്ന് രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടാവ് കൊണ്ടുപോയത് .മാസം ആദ്യമായതിനാൽ ശമ്പളം കൊടുക്കുന്നതിനും മറ്റുമായി ഓഫീസിൽ സൂക്ഷിച്ച പണമാണ് മോഷണം പോയത് .കാണിക്ക വഞ്ചി തുറന്നെടുത്ത കാശും വഴിപാടായി പലപ്പോഴായി ലഭിച്ച സ്വർണവും ഓഫീസിൽ സൂക്ഷിച്ചിരുന്നുവെങ്കിലും മോഷ്ടാവിന്റെ ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ അവയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി .ആലപ്പുഴയിൽ നിന്നുള്ള ഡോഗ് സ്ക്വാഡും , ആലപ്പുഴയിൽ നിന്നുള്ള വിരലടയാള വിദഗ്ദരായ അപ്പുക്കുട്ടൻ, നിമിഷ, സോബി വിൻസെന്റ്, ചന്ദ്രദാസ്. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും മോഷണം നടന്ന ക്ഷേത്രത്തിൽ എത്തി പരിശോധന നടത്തി .