ആകാശത്തിലൂടെ നീങ്ങിയത് നക്ഷത്ര ട്രെയിനോ?
തെളിഞ്ഞ ആകാശത്തിലേക്ക് രാത്രി 7 മണിക്ക് ശേഷം ഉറ്റുനോക്കിയ പലരും തീവണ്ടി പോലെ വരിവരിയായി എന്തോ മിന്നി നില്‍ക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിരുന്നു. എന്താണ് ഭൂമിയിലേക്ക് ഈ വന്നുകൊണ്ടിരിക്കുന്നത് എന്നോര്‍ത്ത് ഭയപ്പെടേണ്ട. പലരും കണ്ടത് സ്റ്റാര്‍ലിങ്കിന്റെ പേടകങ്ങളാണ്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് ബഹിരാകാശത്ത് നിലവിലുള്ള ഏറ്റവും വിപുലമായ ഉപഗ്രഹ ശ്രംഖലയാണ്. ഉപഗ്രഹങ്ങളുടെ സോളാര്‍ പാനലില്‍ സൂര്യപ്രകാശം തട്ടി പ്രതിഫലിക്കുന്നതാണ് നമ്മുക്ക് നക്ഷത്ര ട്രെയിന്‍ എന്ന് തോന്നുന്ന ഈ കാഴ്ച. ഈ പേടകങ്ങള്‍ വൈകിട്ട് 7ന് കേരളത്തിന് മുകളിലൂടെ കടന്നുപോയി. തീവണ്ടി പോലെ അന്‍പതിലധികം ഉപഗ്രഹങ്ങളാണ് നമ്മുക്ക് മുകളിലെ ആകാശത്തിലൂടെ തെന്നിനീങ്ങിയത്.
ഇന്റര്‍നെറ്റ് വിപുലീകരണത്തിനായി നിര്‍മിച്ചിട്ടുള്ള ഈ സ്റ്റാര്‍ലിങ്ക് ശ്രംഖല ശനിയാഴ്ച വൈകിട്ട് 6.58നും ഞായറാഴ്ചയും നമ്മുക്ക് കാണാനാകും. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലക്ഷ്യംവച്ച് നൂറുകണക്കിന് ഉപഗ്രഹങ്ങളാണ് സ്‌പേസ് എക്‌സ് വിക്ഷേപിക്കുന്നത്. വെള്ളിയാഴ്ചയും വിക്ഷേപണമുണ്ടായിരുന്നു.
ഭൂഖണ്ഡാനന്തര ഒപ്റ്റിക്കല്‍ ഫൈബര്‍ ശ്രംഖലയ്ക്ക് ബദലായി ആകാശത്തുനിന്നും ഒരു വൈ ഫൈ കണക്ഷനെന്ന പോലെ ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് സ്റ്റാര്‍ലിങ്ക് വഴി ഇലോണ്‍ മസ്‌ക് ലക്ഷ്യം വച്ചത്. ഭൂമിയുടെ ലോ ഭ്രമണ പഥത്തില്‍ പതിനായിരക്കണക്കിന് ചെറിയ കൃത്രിമ ഉപഗ്രഹങ്ങളാണ് ഇതിന്റെ ഭാഗമായി തയാറാക്കിയിട്ടുള്ളത്. ഡിഷ് ടിവി സേവനങ്ങള്‍ക്ക് സമാനമായ വിധത്തില്‍ ചെറിയ ഡിഷ് ആന്റിന വഴിയാകും വീടുകളിലും ഓഫിസുകളിലും സ്റ്റാര്‍ ലിങ്ക് സേവനങ്ങള്‍ ലഭ്യമാകുക. വലിയ വേഗതയിലുള്ള ഇന്റര്‍നെറ്റ് സേവനങ്ങളാണ് മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് വാഗ്ദാനം ചെയ്യുന്നത്. സെക്കന്റില്‍ 50 എംബി മുതല്‍ 150 എംബി വരെ ബീറ്റാ വേര്‍ഷനില്‍ തന്നെ ലഭിക്കുമെന്നാണ് അവകാശവാദം. തുടക്കമെന്ന നിലയില്‍ 23 രാജ്യങ്ങളിലാണ് സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. 2015ലാണ് ഈ ആശയം മസ്‌ക് അവതരിപ്പിക്കുന്നത്. 2018 ഫെബ്രുവരി 22നാണ് ആദ്യ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് വിക്ഷേപിച്ചത്.