അർദ്ധരാത്രിയിൽ യുവതി നടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ..
കോഴിക്കോട് നാദാപുരത്ത് അർദ്ധരാത്രിയിൽ യുവതി നടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ട് കേരള പൊലീസിൻ്റെ സമയോചിതമായ ഇടപെടൽ. പൊലീസ് സ്റ്റേഷനിലെ സിസിടിവി മോണിറ്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പതിഞ്ഞതും ജാഗരൂകരായ പൊലീസ് സംഘം യുവതിയെ കണ്ടെത്തുകയായിരുന്നു.
പൊലീസ് സ്റ്റേഷനിലെ സിസിടിവി മോണിറ്ററിലാണ് ഇന്നലെ പുലർച്ചെ ഒരു മണിയോടെ ടൗണിൽ സ്ഥാപിച്ച ക്യാമറയിൽ യുവതി നടന്ന് പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. സ്റ്റേഷൻ പാറാവ് ചുമതല ഉണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ഇ.കെ ഷറീഫാണ് യുവതിയുടെ ദൃശ്യങ്ങൾ കണ്ടത്. തുടർന്ന് വിവരം ജിഡി ചാർജ് ഓഫീസർ പി.കെ.ജലീലിനെയും കൺട്രോൾ റൂമിലും, പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മൊബൈലിനെയും വിവരം അറിയിച്ചു. സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ നിമിഷങ്ങൾക്കകം ടൗണിലെത്തി യുവതിക്കായി തെരച്ചിൽ നടത്തി. സിആർവി 21 നമ്പർ കൺട്രോൾ റൂം പൊലീസും സ്ഥലത്തെത്തി.
ഇതിനിടെ യുവതിയെ നാദാപുരം കസ്തൂരിക്കുളം പെട്രോൾ പമ്പ് പരിസരത്തുനിന്ന് കണ്ടെത്തിയ പൊലീസ് സംഘം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഭർതൃവീട്ടുകാരോട് പിണങ്ങിയ യുവതി വീട്ടുകാർ അറിയാതെ റോഡിലിറങ്ങി കിലോമീറ്ററുകൾ അകലയുള്ള സ്വന്തം വീട്ടിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു. യുവതിയുടെ വീട്ടുകാരുടെ നമ്പറിൽ വിളിച്ച് വീട്ടുകാരെ വിവരം അറിയിക്കുകയും നാദാപുരത്ത് എത്താൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ വീട്ടുകാർക്കൊപ്പം യുവതിയെ പറഞ്ഞയച്ചു.