അപകടത്തിൽ മോതിര വിരൽ മുറിഞ്ഞുവീണു.. ഇതറിയാതെ സ്‌കൂട്ടർ ഓടിച്ച് പോയി… പിന്നാലെ….
തിരുവനന്തപുരം: സ്‌കൂട്ടർ യാത്രികനായ ചെങ്കൽച്ചൂള രാജാജി നഗർ സ്വദേശി നിതീഷ് (27) ആണ് അപകടത്തിൽപ്പെട്ടത്. തമ്പാനൂർ സ്റ്റേഷൻ പരിധിയിൽ എസ്എംവി സ്‌കൂളിന് അടുത്ത് വച്ചാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ സ്‌കൂട്ടർ, മുന്നിൽ പോയ ഇന്നോവ കാറിന്റെ പിന്നിലിടിച്ച് നിലത്ത് വീഴുകയായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ട് കാറുടമ ഡോർ തുറക്കുന്നതിനിടയിൽ നിതീഷ് ഡോർ വലിച്ചടച്ച് സ്‌കൂട്ടറുമായി പോവുകയായിരുന്നു. എന്നാൽ അപകടത്തിൽ ഇയാളുടെ മേതിരവിരൽ അറ്റുപോയിരുന്നു. ഇതറിയാതെയാണ് ചോരയൊലിക്കുന്ന കൈയ്യുമായി നിതീഷ് യാത്ര തുടർന്നത്.
കാറിന്റെ തകർന്ന ഇൻഡിക്കേറ്ററിനുള്ളിൽ വിരലിന്റെ ബാക്കി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ്, മിനിറ്റുകൾക്കകം സ്‌കൂട്ടറിന്റെ നമ്പർ വച്ച് യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് യുവാവിന് ചികിത്സ നൽകി. വിദേശത്ത് ജോലി ചെയ്ത് വരികയായിരുന്ന നിതീഷ് ഈ മാസം തിരിച്ച് പോകാനിരിക്കെയാണ് അപകടം. സംഭവത്തിൽ കാറുടമ പോലീസിൽ പരാതി നൽകി.