അഞ്ച് വർഷത്തെ ഇടവേള കഴിഞ്ഞ് റാം മാധവ് വീണ്ടും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയിലേക്ക്…ലക്ഷ്യം…
ഒന്നാം മോദി സർക്കാർ അധികാരത്തിലേറിയ 2014 ൽ സർക്കാരിനെ നയിക്കാൻ ആർഎസ്എസിനെ പ്രതിനിധീകരിച്ചെത്തിയതായിരുന്നു റാം മാധവ്. ബിജെപി അധികാരത്തിലെത്തുമ്പോഴെല്ലാം തങ്ങളുടെ പ്രതിനിധിയെ സർക്കാരിൻ്റെ ഭാഗമാക്കി നിർത്തുന്നത് പതിവാണെങ്കിലും ആർഎസ്എസിലും ബി.ജെ.പിയിലും റാം മാധവിൻ്റെ പെട്ടെന്നുള്ള വളർച്ച അപ്രതീക്ഷിതമായിരുന്നു. എന്നാൽ അഞ്ച് വർഷമായി ഭരണരംഗത്ത് അദ്ദേഹം ഉണ്ടായിരുന്നില്ല. ഇടവേളയ്ക്ക് ശേഷം റാം മാധവ് തിരികെ ബി.ജെ.പിയുടെ നേതൃത്വത്തിലേക്ക് എത്തുന്നതാണ് ഇപ്പോഴത്തെ കാഴ്ച.
ജമ്മു കശ്മീരിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയാണ് റാം മാധവിനെ ഏൽപ്പിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്ഡിക്കും ചുമതലയുണ്ട്. പത്ത് വർഷത്തിന് ശേഷം ജമ്മു കശ്മീർ വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. സംസ്ഥാനത്തിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷമുള്ള ആദ്യത്തെ പൊതുതെരഞ്ഞെടുപ്പാണിത്. കോൺഗ്രസും നാഷണൽ കോൺഫറൻസും ചേർന്നുള്ള സഖ്യവും പിഡിപിയും ബി.ജെ.പിയും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് സംസ്ഥാനത്ത് കളമൊരുങ്ങുന്നത്.




