അങ്ങ് യു.കെയിലും മലയാളി കൊട്ടേഷൻ സംഘം….
കേരളത്തിൽ സർവ സാധാരണമായ ഗുണ്ടാ ക്വട്ടേഷൻ സംഘം യുകെ മലയാളികൾക്കിടയിലും പണി തുടങ്ങി എന്ന ഗൗരവം നിറഞ്ഞ വാർത്തയാണ് ഇന്ന് വായനക്കരെ തേടി എത്തുന്നത്. നിസ്സഹായരായ മനുഷ്യരുടെ അവസ്ഥ മുതലാക്കുക എന്ന ദുഷ്ടലാക്കോടെ കഴിഞ്ഞ രണ്ടര വർഷമായി യുകെയിൽ അഴിഞ്ഞാടുന്ന റിക്രൂട്മെന്റ് ലോബിയുടെ ഭീകര മുഖമാണ് കഴിഞ്ഞ ദിവസം ലീഡ്സിൽ അഴിഞ്ഞു വീണിരിക്കുന്നത്. പണം നൽകി ലീഡ്സിലെ സ്റ്റുഡന്റ് വിസക്കാർ എന്ന് സംശയിക്കപ്പെടുന്ന ഒരു പറ്റം മലയാളി യുവാക്കളെ ക്വട്ടേഷൻ സംഘമായി വാടകക്ക് എടുത്താണ് റിക്രൂട് മാഫിയ പ്രദേശത്ത് അറിയപ്പെടുന്ന മലയാളി യുവാവിനെ മാരകമായി ആക്രമിച്ചു പരുക്കേൽപ്പിച്ചത്.
പരുക്കുകളുടെ സ്വഭാവം വിലയിരുത്തുമ്പോൾ യുവാവ് ഭാഗ്യത്തിനാണ് ജീവൻ നഷ്ടമാകാതെ രക്ഷപ്പെട്ടത്. തലയ്ക്കു ഉൾപ്പെടെ പരുക്കേറ്റ യുവാവിന് ചവിട്ടേറ്റതോടെ മൂത്രതടസവും അനുഭവപ്പെടുന്നുണ്ട് എന്നാണ് സുഹൃത്തുക്കൾ വഴി ലഭ്യമാകുന്ന വിവരം. സംഭവം നടന്ന ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്തതിനാൽ കേസിന്റെ വിശദാംശങ്ങൾ ഈ വാർത്തയിൽ വെളിപ്പെടുത്താനാകില്ല. എങ്കിലും സമാന സ്വഭാവം ഉള്ള മറ്റൊരു അക്രമ സംഭവം കഴിഞ്ഞ വർഷം വാറ്റ്ഫോഡിൽ സംഭവിച്ചതിന്റെ വെളിച്ചത്തിൽ കൂടുതൽ അക്രമ സ്വഭാവമുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് വാർത്ത പുറത്തു വിടാൻ തീരുമാനിച്ചത്.