ജിഫ്രി തങ്ങളെ സന്ദർശിച്ച് സന്ദീപ് വാര്യർ.. സമസ്ത കേരളത്തിന്‍റെ സൂര്യ തേജസ്…

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്.മതസൗഹാർദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടികാഴ്ചയെന്ന് തങ്ങൾ പ്രതികരിച്ചു. തുടര്‍ന്ന് ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി.പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം തന്നെയാണ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതെന്നതാണ് ശ്രദ്ധേയം. പി സരിന് വോട്ട് തേടികൊണ്ട് സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം പത്ര പരസ്യം നൽകിയതിന്‍റെ വിവാദത്തിനിടെയാണ് സമസ്ത അധ്യക്ഷനുമായുള്ള സന്ദീപ് വാര്യരുടെ കൂടിക്കാഴ്ച.

നമ്മുടെ നാട്ടിൽ വിദ്യാഭ്യാസ രംഗത്തും ആത്മീയ രംഗത്തും സൂര്യതേജസായി നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് കൂടിക്കാഴ്ചക്കുശേഷം സന്ദീപ് വാര്യര്‍ പറഞ്ഞു. അത്തരമൊരു സംഘടനയ്ക്ക് നേതൃത്വം നൽകുന്ന വലിയൊരു മനുഷ്യനാണ് ജിഫ്രി തങ്ങള്‍. ഏറെക്കാലമായി അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് കാണാൻ പറ്റിയത്. അദ്ദേഹത്തെ കാണാനും സ്നേഹം അനുഭവിക്കാനുമായത് ഭാഗ്യമായി കാണുന്നു. സമസ്തയുടെ സംഭാവനകള്‍ കേരളത്തിന്‍റെ ചരിത്രത്തിൽ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തുന്നതാണ്. അതുകൊണ്ട് ആ ഒരു ആദരവ് കൂടിയാണ് ഇവിടെ എത്തി നൽകിയത്. അദ്ദേഹത്തിന്‍റെ അനുഗ്രഹം തന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായകമാകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Related Articles

Back to top button