പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു…8 ജില്ലകളിൽ യെല്ലോ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. തെക്കൻ ആൻഡമാൻ കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാതചുഴിയാണ് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചത്. ഈ ന്യൂനമർദ്ദം രണ്ട് ദിവസത്തിൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമാകുമെന്നും പ്രവചനമുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 26-27 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം 26 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.