ഓടിവരണേയെന്ന് പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ ഇമാമിന്‍റെ അഭ്യർത്ഥന… ചെന്ന് നോക്കിയവർ കണ്ടത്…

ഉച്ചഭാഷിണിയിലൂടെയുള്ള സഹായ ആഹ്വാനത്തിലൂടെ ഏഴ് ജീവനുകൾ രക്ഷിച്ച് പള്ളിയിലെ ഇമാം. നിയന്ത്രണം വിട്ട് കുളത്തിൽ വീണ കാറിനുള്ളിലുണ്ടായിരുന്ന ഏഴ് പേരാണ് ഇമാമിന്‍റെ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മൗലാന അബ്ദുൾ ബാസിത് എന്ന ഇമാം ആണ് അപകട വിവരം പള്ളിയിലെ ഉച്ചഭാഷിണി വഴി പുലർച്ചെ ഗ്രാമത്തിലുള്ളവരെ അറിയിച്ചത്. ഇതോടെ മുങ്ങിക്കൊണ്ടിരുന്ന വാഹനത്തിൽ കുടുങ്ങിയ ഏഴ് പേരെ രക്ഷിക്കാൻ പ്രദേശവാസികൾ ഓടിയെത്തുകയായിരുന്നു.

അസമിലെ ശ്രീഭൂമി ജില്ലയിലാണ് സംഭവം. പുലർച്ചെ ദേശീയപാതയിൽ നിന്ന് നിയന്ത്രണം വിട്ട വാഹനം തെന്നിമാറി കുളത്തിലേക്ക് മറിയുകയായിരുന്നു. പുലർച്ചെയായതിനാൽ മിക്കവരും ഉറക്കമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് കാറിനുള്ളിലുള്ളവർക്കും മനസ്സിലായില്ല.

പുറത്ത് വലിയൊരു ശബ്ദം കേട്ടാണ് പള്ളിയിലെ ഇമാമും മിരാബാരി മദ്രസയിലെ അധ്യാപകനുമായ മൗലാന അബ്ദുൾ ബാസിത് ഉടൻ പുറത്തിറങ്ങി നോക്കിയത്. ഒരു വാഹനം വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടു. ഉടൻ തന്നെ ഇമാം സമയോചിതമായി ഇടപെടുകയായിരുന്നു. അപകടം സംഭവിച്ചെന്നും രക്ഷാപ്രവർത്തനത്തിന് ഓടിയെത്തണമെന്നും പള്ളിയിലെ ഉച്ചഭാഷിണിയിലൂടെ അദ്ദേഹം പ്രദേശവാസികളോട് ആവശ്യപ്പെട്ടു. മിനിറ്റുകൾക്കുള്ളിൽ പരിസരവാസികൾ സംഭവ സ്ഥലത്തേക്ക് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. വാഹനത്തിൽ കുടുങ്ങിയ ഏഴ് യാത്രക്കാരെയും പുറത്തെത്തിച്ചു.

Related Articles

Back to top button