പിതാവ് ജനനം രജിസ്റ്റർ ചെയ്യാനായി പോയി..പിന്നാലെ വ്യോമാക്രമണം..നാലുദിവസം പ്രായമായ ഇരട്ടക്കുട്ടികൾ കൊല്ലപ്പെട്ടു….
ഗസ്സയിൽ ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ നാലുദിവസം പ്രായമായ ഇരട്ടക്കുട്ടികൾ കൊല്ലപ്പെട്ടു. കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റർ ചെയ്യാനായി പിതാവ് സർക്കാർ ഓഫീസിൽ പോയപ്പോഴാണ് ആക്രമണം നടന്നത്. സെൻട്രൽ ഗസ്സയിലെ ദേർ അൽ ബലാഹിലുള്ള വീട്ടിലാണ് അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം നവജാതശിശുക്കളും കൊല്ലപ്പെട്ടത്.പിതാവായ മുഹമ്മദ് അബു അൽ കുംസാൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും പെൺകുട്ടിയായ ഐസലിനും ആൺകുട്ടിയായ അസെറും ഭാര്യയും അമ്മയുമെല്ലാം കൊല്ലപ്പെട്ടിരുന്നു.
കൊല്ലപ്പെട്ട ഇരട്ടക്കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് കൈവശം വെച്ചുകൊണ്ട് പൊട്ടിക്കരയുന്ന മുഹമ്മദിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഇവരുടെ കുടുംബം വടക്കൻ ഗസ്സയിൽ നിന്ന് പലായനം ചെയ്ത് തെക്ക് മേഖലയിൽ അഭയം തേടിയവരാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.