വയനാട് ഉരുൾപൊട്ടൽ.. മുണ്ടക്കൈയിൽ റഡാര്‍ പരിശോധന.. തകര്‍ന്ന കെട്ടിടത്തിൽ നിന്നും സിഗ്നൽ…
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം മേഖലയില്‍ ജീവൻ ബാക്കിയുള്ളവർ ഉണ്ടോയെന്ന് കണ്ടെത്താൻ റഡാര്‍ പരിശോധന. തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയാണ് നടക്കുന്നത്. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവര്‍ത്തകരും പരിശോധന ഏജന്‍സി ഉദ്യോഗസ്ഥരും ചേർന്ന് പരിശോധന നടത്തുന്നത്. മുണ്ടക്കൈയിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. പുഞ്ചിരിമട്ടത്തെ റഡാര്‍ പരിശോധനയ്ക്കുശേഷമാണ് ഇവിടെ പരിശോധന ആരംഭിച്ചത്.
മുണ്ടക്കൈയില്‍ റഡാറിൽ നിന്നും സിഗ്നല്‍ ലഭിച്ച കെട്ടിടത്തിലാണ് പരിശോധന നടത്തുന്നത്. സിഗ്നല്‍ ലഭിച്ച സ്ഥലം എന്‍ഡിആര്‍എഫ് കുഴിച്ച് പരിശോധന നടത്തും. ശ്വാസം, അനക്കം തുടങ്ങിയവ ഉള്‍പ്പെടെ റഡാറില്‍ തിരിച്ചറിയാനാവും. കെട്ടിടങ്ങളില്‍ ഇനിയും ആളുകള്‍ കുടുങ്ങികിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഡെപ്യൂട്ടി കളക്ടറും സ്ഥലത്തുണ്ട്. സിഗ്നല്‍ ലഭിച്ച സ്ഥലത്തെ കെട്ടിടം പകുതി തകര്‍ന്ന നിലയിലാണുള്ളത്. അതിനാല്‍ തന്നെ വളരെ സൂക്ഷമമായിട്ടാണ് പരിശോധന.




