41 സാക്ഷികൾ, 118 രേഖകൾ, 12 തൊണ്ടി മുതൽ : വിസ്മയ കേസ്, സാക്ഷി വിസ്താരം പൂർത്തിയായി

കൊല്ലം വിസ്മയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തിന്റെ സാക്ഷി വിസ്താരം പൂർത്തിയായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിച്ചു. 118 രേഖകളും 12 തൊണ്ടി മുതലും ഹാജരാക്കി. വിസ്താരത്തിനിടെ അഞ്ച് സാക്ഷികൾ കൂറുമാറി. വിസ്മയ കേസിലെ പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതിയുടെ ജാമ്യം നീതിയുക്തമായ വിചാരണയ്ക്ക് വഴിയൊരുക്കുമെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്. പ്രധാനമായും ഡിജിറ്റൽ തെളിവുകൾ ഏറെയുള്ള കേസിൽ അതെല്ലാം കേട്ട് നിർദേശം നൽകാനും ജാമ്യം വഴിയൊരുക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻപിള്ള പറഞ്ഞിരുന്നു. എന്നാൽ ജാമ്യം ഒരുതരത്തിലും വിചാരണയെ ബാധിക്കില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.

കഴിഞ്ഞ വർഷം ജൂണിലാണ് പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വച്ച് വിസ്മയ ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. കേരള മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കിരണിനെ പിന്നാലെ സർക്കാർ പിരിച്ചുവിട്ടിരുന്നു. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും കേസെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button