26കാരനായ ഗുണ്ടാ നേതാവ് ബോക്സർ ദിലീപ്.. ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിൽ…
കരുനാഗപ്പള്ളി: ബോംബേറ്, വധശ്രമം എന്നിവയുൾപ്പെടെ ഇരുപതിലധികം കേസ്സുകളിലെ പ്രതി ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റിൽ. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ശാസ്താംകോട്ട, ഓച്ചിറ പോലീസ് സ്റ്റേഷൻ പരിധികളിലായി കൊലപാതക ശ്രമം, ബോംബേറ്, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ എന്നിങ്ങനെ ഇരുപതോളം കേസ്സുകളിൽ പ്രതിയായ കരുനാഗപ്പള്ളി തൊടിയൂർ പുത്തൻ തറയിൽ വീട്ടിൽ ബോക്സർ ദിലീപ് എന്നു വിളിക്കുന്ന ദിലീപ് ചന്ദ്രൻ (26) നെ യാണ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലാ കളക്ടർ കരുതൽ തടങ്കലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
2021 ഒക്ടോബർ മാസം ദിലീപിനെ 6 മാസം കരുതൽ തടങ്കലിൽ വയ്കാൻ ഉത്തരവിട്ടതായി അറിഞ്ഞ ദിലീപ് ബാംഗ്ലൂർ, മംഗലാപുരം, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു. ഇടുക്കി ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലെ ഒരു റിസോർട്ടിൽ ദിലീപ് ഉണ്ടെന്ന് കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി ടി.നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എ.സി.പി വി.എസ് പ്രദീപ് കുമാർ, ഇൻസ്പെക്ടർ എസ്.എച്ച്.ഓ ജി.ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്സ് .ഐ.മാരായ ശ്രീകുമാർ , ജിമ്മി ജോസ്, സി.പി.ഒ.മാരായ ഹാഷിം, സിദ്ദീഷ് എന്നിവരടങ്ങിയ സംഘമാണ് ദിലീപിനെ ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്.
2021 ആഗസ്റ്റ് 11 ന് ശാസ്താംകോട്ട, മൈനാഗപ്പള്ളി, വേങ്ങ ശശി മന്ദിരം വീട്ടിൽ രാത്രി 1 മണിക്കാണ് നാടൻ ബോംബെറിഞ്ഞ് വധശ്രമം നടന്നത്. 21.02.2021 കരുനാഗപ്പള്ളിയിലെ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനെ തോക്ക് ചൂണ്ടി ആക്രമിച്ച കേസ്സ്, 03.05.219 വവ്വാക്കാവ് സ്വദേശി വിമലിന്റെ കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്ത ശേഷം തലക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സ്, 30.04.2018 ൽ കരുനാഗപ്പള്ളിയിലെ ബാർ ഹോട്ടലിൽ വച്ച് ജിബു എന്നയാളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സുകളിലെല്ലാം പ്രതിക്ക് നിലവിൽ കോടതിയിൽ നിന്നും വാറണ്ടുകൾ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ 6 മാസത്തെ കരുതൽ തടങ്കലിനായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.