‘ഒരു സ്ത്രീയും ഒരിക്കലും അനുഭവിക്കാന്‍ പാടില്ലാത്ത പീഡനം, ആ നടുക്കം ഇപ്പോഴുമുണ്ടെനിക്ക്’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒ പറയുന്നു

‘ഒരു സുപ്രധാനമായ കേസുണ്ട്, നിങ്ങള്‍ എത്രയും പെട്ടെന്ന് എത്തണം’. 2017 ഫെബ്രുവരി 17 ന് അര്‍ദ്ധരാത്രിയോടെ ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലെ വനിത എസ്എച്ച് ഒ രാധാമണിയ്ക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. അന്നത്തെ കൊച്ചി കമ്മീഷണര്‍ എം പി ദിനേഷിന്റേതായിരുന്നു ആ കോള്‍. ഇതുപ്രകാരം സംവിധായകന്‍ ലാലിന്റെ വീട്ടിലെത്തുമ്പോള്‍ രാധാമണിയ്ക്ക് അറിയില്ലായിരുന്നു താന്‍ ഇടപെടാന്‍ പോകുന്ന കേസിന്റെ വ്യാപ്തി.
ആലുവയിലെ ചെറിയ വീട്ടില്‍ കുടുംബത്തോടൊപ്പം റിട്ടയര്‍മെന്റ് ജീവിതം ആസ്വദിക്കുന്ന രാധാമണിക്കും നടിയെ ആക്രമിച്ച കേസിലെ വിധി ദിനം അത്രത്തോളം പ്രധാനമായിരുന്നു. ആക്രമിക്കപ്പെട്ട നടി നേരിട്ട ക്രൂരത ആദ്യമായി പകര്‍ത്തിയെഴുതുക എന്ന നിയോഗമായിരുന്നു രാധാമണിക്ക് ഉണ്ടായിരുന്നത്. രാധാമണി രേഖപ്പെടുത്തിയ ഇരയുടെ മൊഴി എട്ട് വര്‍ഷത്തോളം നീണ്ട നിയമ വഴികളില്‍ അത്രത്തോളം നിര്‍ണായകമായിരുന്നു. എന്നാല്‍ അന്ന് ആ പെണ്‍കുട്ടിയുടെ തുറന്നു പറച്ചില്‍ കേട്ടപ്പോഴുണ്ടായ ആഘാതം ഇന്നും തന്നെ പിന്തുടരുന്നു എന്നാണ് വിധി ദിനത്തിലും രാധാമണിക്ക് പറയാനുള്ളത്.
കാക്കനാട് പടമുകളിലെ ലാലിന്റെ വീട്ടിലേക്ക് എത്തുമ്പോള്‍ നിരവധി വാഹനങ്ങള്‍ അവിടെയുണ്ടായിരുന്നു. അവിടെ ആദ്യം കണ്ട പരിചിത മുഖം ഇപ്പോഴത്തെ നിയമന്ത്രി പി രാജീവിന്റേതായിരുന്നു. നിങ്ങള്‍ വീട്ടിനകത്തേക്കു ചെല്ലു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നാലെ കമ്മീഷണര്‍ ഇരയുടെ മൊഴി രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചു. ‘പെണ്‍കുട്ടി ഇരിക്കുന്ന മുറിയില്‍ കയറിയപ്പോള്‍, അവള്‍ വളരെ തകര്‍ന്ന അവസ്ഥയിലായിരുന്നു. ഉടന്‍ നടപടി ക്രമങ്ങളിലേക്ക് കടന്നില്ല. അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു, കുറച്ച് സമയം അവള്‍ക്കൊപ്പമിരുന്നു. അവള്‍ ശാന്തയാകുന്നതുവരെ കാത്തിരുന്നു. അവള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍, ആ രാത്രിയില്‍ ഞാന്‍ കേട്ടത്, ഒരു സ്ത്രീയും ഒരിക്കലും അനുഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളായിരുന്നു. ഞാന്‍ വളരെയധികം നടുങ്ങിപ്പോയി,’ രാധാമണി പറഞ്ഞു.



