2 കിലോ കഞ്ചാവുമായി കോഴി ഫാം ജീവനക്കാരൻ എക്‌സൈസ് പിടിയിൽ
കൊട്ടാരക്കര : ചില്ലറ വിൽപ്പനക്കായി കൈവശം വച്ച 2 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ കൊട്ടാരക്കര എക്സൈസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എ. സഹദുള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്. കൊട്ടാരക്കര ഇളമാട് കൈതയിൽ ഭാഗത്തു നിന്നും കൊട്ടാരക്കര വെളിനല്ലൂർ കൊല്ലംവിള ദേശത്ത് വിശാഖം വീട്ടിൽ സജിൻ (22) നെയാണ ഇന്ന് പുലർച്ചെ 7 മണിക്ക് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന സമീപപ്രദേശത്തെ രണ്ടുപേർ നിരീക്ഷണത്തിലാണ്. കഞ്ചാവ് ചെറു പൊതികളിലാക്കി വില്പന നടത്തുന്നതായിരുന്നു രീതി. അന്യസംസ്ഥാന തൊഴിലാളികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വിൽപ്പന നടത്താനായി കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത് ..പ്രദേശത്തെ ഗഞ്ചാവ് വിൽപനയെപ്പറ്റി പരാതി ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുണി സഞ്ചിയിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. ഇയാൾ ജോലി ചെയ്യുന്ന കൈത ഭാഗത്തുള്ള കോഴി ഫാം കേന്ദ്രീകരിച്ചാണ് കഞ്ചാവ് കച്ചവടം നടക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഒരു ലക്ഷം രൂപയോളം വില വരുന്നതാണ്. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എ.സഹദുള്ളയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ഷഹാലുദീൻ.എ, സിവിൽ എക്സൈസ് ഓഫീസർമാരായ നഹാസ്.റ്റി, ദിലീപ്കുമാർ, അനിൽകുമാർ, കൃഷ്ണരാജ്.കെ.ആർ എന്നിവർ പങ്കെടുത്തു.