19 കാരന് വധുവായി 56 കാരി.. വിവാഹം ഉടനെന്ന് പ്രണയ ജോഡികൾ…
ഒരു പത്തൊമ്പതുകാരനായ യുവാവും മൂന്നുപേരുടെ മുത്തശ്ശിയായ അമ്പത്തിയാറുകാരിയും വിവാഹിതരാവാൻ തീരുമാനിച്ചിരിക്കുകയാണ്. 37 വയസിന്റെ വ്യത്യാസമൊന്നും അവരുടെ പ്രണയത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. 19 -കാരനായ യുവാവ് തനിക്ക് 10 വയസ്സുള്ളപ്പോഴാണ് തന്റെ ഇപ്പോഴത്തെ കാമുകിയായ 56കാരിയെ കണ്ടുമുട്ടുന്നത്.
വടക്കുകിഴക്കൻ തായ്ലൻഡിലെ സഖോൺ നഖോൺ പ്രവിശ്യയിലാണ് ഇരുവരും താമസം. 19 -കാരനായ വുത്തിച്ചായ് ഒരു കുട്ടി ആയിരിക്കെ തന്നെ ജാൻല അവരുടെ വീട് വൃത്തിയാക്കുന്നതിനും മറ്റും സഹായത്തിനായി അവനെ വിളിക്കാറുണ്ടായിരുന്നു. ജാൻല വിവാഹമോചിതയാണ്.
അങ്ങനെ വുത്തിച്ചായ് അവരെ സഹായിക്കാൻ സ്ഥിരം ചെല്ലും. പാത്രത്തിൽ നിന്നും ചെടികൾ മാറ്റിവയ്ക്കാനും മറ്റുമായി അവൻ ജാൻലയെ നിരന്തരം സഹായിച്ചു. അങ്ങനെ ഇരുവരും തമ്മിൽ ഒരു സൗഹൃദം രൂപപ്പെട്ടു. എന്നാൽ, രണ്ട് വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്. ഇരുവരും നഗരങ്ങളിലും റെസ്റ്റോറന്റുകളിലും മറ്റുമായി ഡേറ്റിംഗിന് പോകുന്നു.
’37 വയസിന്റെ വ്യത്യാസമുണ്ട് ഞങ്ങൾ തമ്മിലെന്നത് നമ്മെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. അതിനാൽ തന്നെ തങ്ങളുടെ പ്രണയം സമൂഹത്തിൽ വെളിപ്പെടുത്തുന്നതിനും ഞങ്ങൾക്ക് മടിയില്ല. ഞങ്ങൾ കൈകൾ കോർത്ത് നടക്കുകയും ചുംബിക്കുകയും ചെയ്യുന്നു’ എന്ന് ഇരുവരും പറയുന്നു.
തങ്ങളുടെ ബന്ധത്തെ കുറിച്ച് പറയുമ്പോൾ വുത്തിച്ചായ് പറയുന്നത്, ആരെങ്കിലും നന്നായി ജീവിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണമെന്ന് എനിക്ക് ആദ്യമായി തോന്നുന്നത് ജാൻലയുമായി പ്രണയത്തിലായ ശേഷമാണ് എന്നാണ്. ‘ജാൻല കഠിനാധ്വാനിയാണ്, സത്യസന്ധയുമാണ്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവൾക്കൊപ്പം നിൽക്കണമെന്ന് താൻ കരുതുകയായിരുന്നു’ എന്നും അവൻ പറയുന്നു.
പ്രണയത്തിലായ കാലത്ത് ഇരുവരും അവരുടെ പ്രണയം സുഹൃത്തുക്കളും ബന്ധുക്കളും അറിയാതെ സൂക്ഷിച്ചു. എന്നാൽ, ഈ വർഷം ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കി. ശേഷം ഇരുവരും തങ്ങളുടെ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നു.
തനിക്ക് വീണ്ടും ചെറുപ്പമായത് പോലെ തോന്നുന്നു എന്നാണ് 56 കാരിയായ ജാൻല പറയുന്നത്. മാത്രമല്ല, അവരിരുവരും വിവാഹിതരാവാനും തീരുമാനിച്ചിരിക്കുകയാണ്. ‘തന്റെ മക്കൾ ഇതേ കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. പക്ഷേ, ഞാൻ നമ്മുടെ ബന്ധത്തിൽ ഹാപ്പിയാണ്. അടുത്ത് തന്നെ വിവാഹിതരാവാൻ തങ്ങൾ തീരുമാനിച്ചിരിക്കുകയാണ്’ എന്നും ജാൻല പറയുന്നു.