16 കാരിയെ പീഡിപ്പിച്ച് അമ്മയുടെ കാമുകൻ
16 കാരിയായ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അമ്മയും ഇവരുടെ ആൺസുഹൃത്തും അറസ്റ്റിൽ. ഫർണിച്ചർ കട ഉടമയായ രാജനും പെൺകുട്ടിയുടെ അമ്മയ്ക്കുമെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർന്ന് അറസ്റ്റ് ചെയ്യുകയും ഇവരെ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.കഴിഞ്ഞ ഏതാനും വർഷങ്ങളായി നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലാണ് അക്രമത്തിന് ഇരയായ പെൺകുട്ടിയുടെ അച്ഛൻ. കുടുംബ ദാരിദ്ര്യം മൂലം അമ്മ സമീപത്തെ ഫർണിച്ചർ കടയിൽ ജോലി നോക്കി വരുകയായിരുന്നു. രണ്ട് ദിവസം മുമ്പ് പതിനാറുകാരിയായ പെൺകുട്ടി ജില്ലാ ശിശുക്ഷേമ ഓഫീസറെ ഫോണിൽ വിളിച്ച് കഴിഞ്ഞ മൂന്ന് മാസമായി തന്നെ ഒരാൾ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും താൻ ഇപ്പോൾ സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു. പിന്നാലെ ചൈൽഡ് വെൽഫെയർ ഓഫീസർമാർ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയും മൊഴി സ്വീകരിക്കുകയും ആയിരുന്നു. കഴിഞ്ഞ ജനുവരി 23 മുതലാണ് തങ്ങളുടെ വീട്ടിൽ ഞായറാഴ്ചകളിൽ സ്ഥിര സന്ദർശകനായ അമ്മയുടെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചത് എന്നും ആഴ്ചയിൽ എല്ലാ ഞായറാഴ്ചകളിലും വീട്ടിൽ വന്ന് അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കാറുണ്ടെന്നും എന്നാൽ ആ ദിവസം അമ്മ ഇല്ലാതിരുന്നതിനാൽ തന്നെ മുറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.പിന്നാലെ പെൺകുട്ടി അമ്മയോട് സംഭവം പറഞ്ഞു. എന്നാൽ പീഡന വിവരം പുറത്തറിയരുത് എന്ന അർത്ഥത്തിലാണ് അമ്മ മറുപടി നൽകിയതെന്നും തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി എല്ലാ ഞായറാഴ്ചകളിലും വീട്ടിൽ വരുന്ന രാജൻ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും വിവരം പുറത്തുപറയാൻ ഭയമായിരുന്നെന്നും പെൺകുട്ടി പറഞ്ഞു.പീഡനം സഹിക്കവയ്യാതെയാണ് സുഹൃത്തിന്റെ വീട്ടിൽ അഭയം തേടുന്നത്. ഒപ്പം സുഹൃത്തിനോട് പീഡന വിവരം പങ്ക് വെയ്ക്കുകയും സുഹൃത്തിന്റെ ഉപദേശപ്രകാരം അധികൃതരെ വിവരങ്ങളറിയിച്ച് ബന്ധപ്പെട്ടതെന്നും പെൺകുട്ടി പറയുന്നു. സംഭവത്തിൽ പീഡന വിവരം പോലീസിൽ അറിയിക്കാതിരുന്നതിലാണ് പെൺകുട്ടിയുടെ അമ്മയ്ക്ക് മേൽ പോക്സോ ചുമത്തിയത്. കന്യാകുമാരി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.