പതിനാലുകാരി വനിതാ സുരക്ഷ ജീവനക്കാരെ മർദ്ദിച്ചതായി പരാതി
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടാഴ്ച മുമ്പ് വയറുവേദനയുമായെത്തിയ ഹരിപ്പാട് ഡാണാപ്പടി സ്വദേശിനി 16 കാരിയുടെ കൂട്ടിരിപ്പിനായി എത്തിയ 14 കാരിയായ സഹോദരിയാണ് 2 വനിത സുരക്ഷ ജീവനക്കാരെ മർദ്ദിച്ചത്.ഒമ്പതാം വാർഡിൽ ജോലി ചെയ്തിരുന്ന സെക്യൂരിറ്റി ജീവനക്കാരി പുന്നപ്ര പീടികയിൽ വീട്ടിൽ ജോയൽ മേരി, സഹപ്രവർത്തക കാക്കാഴം വെളിയിൽ വീട്ടിൽ റിനി എന്നിവർക്കാണ് മർദ്ദനമേറ്റത്. പെൺകുട്ടികളെ കാണാൻ ചില യുവാക്കൾ വാർഡിലെത്തിയത് ചോദ്യം ചെയ്തതാണ് 14 കാരി ഇവരെ മർദ്ദിക്കാൻ കാരണമെന്നു പറയുന്നു.ഇന്ന് പകൽ 11.30 ഓടെ 14 കാരിയെ കാണാൻ യുവാവ് എത്തിയത് ചോദ്യം ചെയ്തതിൽ പ്രകോപിതയായ കുട്ടി ജോയൽ മേരിയെ മുടിക്കുകുത്തിപ്പിടിച്ച് വലിച്ച് നിലത്തിട്ട് ചവിട്ടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ റിനിയേയും ആക്രമിച്ചു. തലക്ക് അടിയേറ്റ റിനിക്ക് ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടർന്നും, ജോയൽ മേരിക്ക് അടിവയറ്റിൽ വേദനയുണ്ടായതു മൂലവും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ ആശുപത്രി എയ്ഡ് പോസ്റ്റ് എസ് .ഐ മധു വിനു നേർക്കും പെൺകുട്ടി അസഭ്യവർഷം നടത്തിയതായി രോഗികൾ ഉൾപ്പടെയുള്ളവർ പറഞ്ഞു. തന്നെ മർദ്ദിച്ചെന്നു കാട്ടി 14 കാരിയും ചികിത്സ തേടി.