തൃശ്ശൂരിൽ കിടപ്പുരോഗിയുടെ മരണം..കൊലപാതകം..പ്രതി ആത്മഹത്യക്ക് ശ്രമിച്ചു….
തൃശ്ശൂരിൽ വീടിനുള്ളില്‍ കിടപ്പുരോഗിയെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. തന്റെ ഭര്‍ത്താവാണ് കൊലചെയ്തതെന്ന് മരിച്ചയാളുടെ സഹോദരി പൊലീസിനോട് പറഞ്ഞു .സഹോദരീഭര്‍ത്താവ് സെബാസ്റ്റ്യന്‍ കഴിഞ്ഞ ദിവസം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സെബാസ്റ്റ്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് സെബാസ്റ്റ്യന്റെ ഭാര്യ കൊലപാതക വിവരം പുറത്തു പറയുന്നത്.
നെടുമ്പാള്‍ വഞ്ചിക്കടവ് കാരിക്കുറ്റി വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ സന്തോഷ്(45) നെ വെള്ളിയാഴ്ച രാത്രിയാണ് വീടിനകത്ത് മരിച്ച നിലയില്‍ കണ്ടത്.സന്തോഷിന്റെ മരണം കൊലപാതകമാണെന്ന് സംശയം ഉയർന്നിരുന്നു.കിടപ്പു രോഗിയായ സന്തോഷിനെ സെബാസ്റ്റ്യന്‍ ചങ്ങലകൊണ്ട് കഴുത്ത് മുറുക്കി കൊന്നുവെന്നാണ് മൊഴി. സന്തോഷിന്റെ വീട്ടിലാണ് സഹോദരിയും ഭര്‍ത്താവും കഴിഞ്ഞിരുന്നത്. സെബാസ്റ്റ്യന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും ഇയാളുടെ പേരില്‍ പുതുക്കാട്, ഒല്ലൂര്‍, കൊടകര സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.




