ഹെല്‍മെറ്റ് ഇല്ലാതെത്തിയവര്‍ക്ക് പിഴയായി ഹെല്‍മെറ്റ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്
മാവേലിക്കര: ഹെല്‍മെറ്റ് ഇല്ലാതെത്തിയ ഇരുചക്രവാഹന യാത്രികര്‍ക്ക് പിഴയായി ഹെല്‍മെറ്റ് നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. പുതിയകാവ് ഭാഗത്ത് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഹെല്‍മെറ്റ് ഇല്ലാതെ നിയമം ലംഘിച്ച് എത്തിയവര്‍ നിരവധി ഉണ്ടായിരുന്നു. പിഴയടിക്കാനായി എല്ലാ വരെയും മാറ്റി നിര്‍ത്തി. ഹെല്‍മെറ്റ് ധരിച്ച് എത്തിയവരെയും പിടിച്ചു നിര്‍ത്തി. എല്ലാ വരും അങ്കലാപ്പിലായി. ഉടന്‍തന്നെ എം.എല്‍.എയും ചെയര്‍മാനും അടങ്ങുന്ന സംഘവും സ്ഥലത്തെത്തി. ഇതോടെ ബോധവത്കരണ പരിപാടി ആരംഭിച്ചു. പിഴയ്ക്കായി കാത്തു നിന്നവര്‍ക്ക് ബോധവത്കരണവും കൂടെ ഹെല്‍മെറ്റും നല്‍കിയപ്പോഴാണ് പലരുടേയും ശ്വാസം നേരെ വീണത്. നിയമം പാലിച്ച് എത്തിയവര്‍ക്ക് അനുമോദനവും സമ്മാനവും നല്‍കുകയും ചെയതു. മോട്ടോര്‍വാഹന വകുപ്പിന്റെ ശുഭയാത്ര സുരക്ഷിത യാത്ര പദ്ധതിയുടെ ഭാഗമായി നടത്തിയ ബോധവത്കരണ പരിപാടി മാവേലിക്കരക്കാര്‍ക്ക് കൗതുകമായി. ഹെല്‍മെറ്റ് നല്‍കിയവരോട് ഇനിയും ഹെല്‍മെറ്റ് ഇല്ലാതെ കണ്ടാല്‍ പിഴ ഉറപ്പായിരിക്കുമെന്ന താക്കീതും നല്‍കിയാണ് വിട്ടത്. എം.എസ്.അരുണ്‍കുമാര്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.വി.ശ്രീകുമാര്‍ അധ്യക്ഷനായി. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ആന്റണി.കെ.സി ആമുഖ പ്രഭാഷണം നടത്തി. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ അനിവര്‍ഗീസ്, സജീവ് പ്രായിക്കര, കൗണ്‍സിലര്‍ തോമസ് മാത്യു, മാവേലിക്കര ജോയിന്റ് ആര്‍.ടി.ഒ ഡാനിയോല്‍ സ്റ്റീഫന്‍, എം.വി.ഐ സുനില്‍.എസ് എന്നിവര്‍ സംസാരിച്ചു. മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എ.ഐ ക്യാമറകള്‍ ഉടന്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.