സ്വീകരണമുറിയിലെ സോഫയില്‍ വീട്ടമ്മ മരിച്ചുകിടന്നത് രണ്ടര വര്‍ഷം !
അവരെ കാണാതായിട്ട് രണ്ടര വര്‍ഷമായിരുന്നു. താമസിച്ചിരുന്ന വീട്ടിനുള്ളില്‍നിന്ന് ചെറിയ ദുര്‍ഗന്ധം ഉയര്‍ന്നതായി അയല്‍വാസികളില്‍ ചിലര്‍ റെസിഡന്‍സ് അസോസിയേഷനെയും പൊലീസിനെയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആരുമത് കാര്യമാക്കിയില്ല. സാധാരണ പോലെ വാടക തന്റെ അക്കൗണ്ടില്‍ വരാതായതോടെ വീട്ടുടമ അവരുടെ ഗ്യാസ് കണക്ഷന്‍ കട്ട് ചെയ്തു എന്നതാണ് ആകെ നടന്നത്. എങ്കിലും, രണ്ടര വര്‍ഷത്തിനുശേഷം അവരെല്ലാം ആ വാസ്തവം അറിയുക തന്നെ ചെയ്തു. സ്വന്തം വീട്ടിലെ സ്വീകരണമുറിയിലുള്ള സോഫാ സെറ്റിയില്‍ അവര്‍ മരിച്ചു കിടന്നിട്ട് രണ്ടര വര്‍ഷമായിരുന്നു. ആരും തിരിഞ്ഞുനോക്കാനില്ലാത്ത ആ കിടപ്പില്‍, അവരുടെ മൃതദേഹം ജീര്‍ണിച്ചിരുന്നു. ശരീരത്തില്‍നിന്നും ദുര്‍ഗന്ധമുള്ള സ്രവങ്ങള്‍ സോഫയിലേക്ക് ഇറങ്ങി നിലത്ത് എത്തിയിരുന്നു.
ഏതെങ്കിലും കാട്ടുമുക്കിലല്ല ഈ സംഭവം നടന്നത്. തെക്കു കിഴക്കന്‍ ലണ്ടനിലെ പ്രശസ്തമായ ഒരു ഫ്‌ളാറ്റ് സമുച്ചയത്തിലാണ്. പെഖാമിലുള്ള ഫ്‌ളാറ്റിന്റെ സ്വീകരണ മുറിയിലാണ് അവിടെ താമസിച്ചിരുന്ന ഷെയില സെലോണ്‍ എന്ന 58-കാരി രണ്ടര വര്‍ഷമായി മരിച്ച നിലയില്‍ കിടന്നത്. അയല്‍വാസികള്‍ ഇവരെ കാണാനില്ലെന്ന കാര്യം പല വട്ടം വീട്ടുടമയെയും പൊലീസിനെയും അറിയിച്ചിരുന്നു. എന്നാല്‍, അവരാരും വീടു തുറക്കാനോ അന്വേഷിച്ചു ചെല്ലാനോ ശ്രമിച്ചില്ല. റെസിഡന്‍സ് അസോസിയേഷനും ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല. ഇടയ്ക്ക് ഒരു പൊലീസ് സംഘം അന്വേഷണത്തിന് ശ്രമിച്ചുവെങ്കിലും ഫോണ്‍ എടുക്കുന്നില്ലെന്ന് പറഞ്ഞ് അവര്‍ മടങ്ങിപ്പോരുകയായിരുന്നു.
എന്നാല്‍, രണ്ടര വര്‍ഷത്തിനു ശേഷം ഇവരുടെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത് പൊലീസ് തന്നെയാണ്. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ വീട് തുറന്ന് അകത്തു കടന്നപ്പോഴാണ്, ഈ 58 -കാരി സോഫയില്‍ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടെത്തിയത്.
അജ്ഞാത കാരണങ്ങളാലാണ് മരണം എന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശരീരം അഴുകിപ്പോയതിനാല്‍, ഇവരുടെ മരണകാരണം അറിയാനുള്ള പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, ചില രോഗങ്ങള്‍ കാരണം കാലങ്ങളായി വലഞ്ഞിരുന്ന ഈ മധ്യവയസ്‌കയുടെ ജീവനെടുത്തത് അസുഖങ്ങള്‍ തന്നെയാണ് എന്നാണ് പ്രാഥമിക നിഗമനം.
ഇവരുടെ വാടക വീട്ടുടമയുടെ അക്കൗണ്ടിലേക്ക് എത്താതായി. തുടര്‍ന്ന് 2020 ജൂണ്‍ മുതല്‍ ഇവരുടെ ഫ്‌ളാറ്റിലേക്കുള്ള പാചക വാതക വിതരണം വീട്ടുടമ കട്ട് ചെയ്തു.
2020 ഒക്‌ടോബറില്‍ രണ്ട് തവണയായി പൊലീസ് ഇവരുടെ വീട്ടിലേക്ക് ചെന്നിരുന്നു. എന്നാല്‍, ഇവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നു പറഞ്ഞ് പൊലീസുകാര്‍ മടങ്ങിപ്പോയി. അതിനിടെ, അവിടെ എത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. വിരമിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഈ ഉദ്യോഗസ്ഥന്‍ ആരോടും അന്വേഷിക്കാതെ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയത്. ഇയാള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.