സ്വന്തം വീട്ടിൽ മോഷണം നടത്തി മകളും ഭർത്താവും…. സ്വർണവും പണവും ഫോണും മോഷ്ട്ടിച്ചു…

വീട്ടിൽ നടന്ന മോഷണക്കേസിൽ മകളും ഭർത്താവും അറസ്റ്റിൽ. തെന്നല മുച്ചിത്തറ കുന്നത്തേടത്ത് നബീസുവിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. കേസിൽ നബീസുവിന്റെ മകൾ സബീറ (35), ഭർത്താവ് കോഴിച്ചെന പുനത്തിൽ അബ്ദുൽ ലത്തീഫ് (33) എന്നിവരെയാണ് തിരുരങ്ങാടി സി.ഐ കെ.ടി ശ്രീനിവാസനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റം സമ്മതിക്കുകയും തൊണ്ടിമുതൽ കണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. നബീസുവിന്റെ പേരക്കുട്ടിയുടെ വളയും മാലയുമടക്കം രണ്ടേ കാൽ പവൻ സ്വർണവും മൊബൈൽ ഫോണും രണ്ടായിരം രൂപയുമാണ് മോഷണം പോയത്. മാല നബീസുവിൻ്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന്റെ അടിയിൽനിന്നും പൊലീസ് കണ്ടടുത്തു. വള മറ്റൊരാളുടെ കൈയിൽ വിൽക്കാൻ കൊടുത്തതായി പ്രതി പൊലീസിനോട് പറഞ്ഞു.

സബീറയും അബ്ദുൽ ലത്തീഫും വളരെ ആസൂത്രിതമായാണ് മോഷണം നടത്തിയത്. സബീറ ഈ വീട്ടിൽ തന്നെയാണ് താമസം. നാലുദിവസം മുമ്പാണ് നബീസുവിൻ്റെ പേരമകൾ വീട്ടിൽ വിരുന്നുവന്നത്. മോഷണ ദിവസം നബീസു വീട്ടിലുണ്ടായിരുന്നില്ല. രാത്രി വീട്ടിലെത്തിയ അബ്ദുൽ ലത്തീഫിന് സബീറ വാതിൽ തുറന്നുകൊടുക്കുകയായിരുന്നു. മോഷണം നടത്തി രക്ഷപ്പെട്ടു.

Related Articles

Back to top button