സ്യൂട്ട്കേസ് തുറന്നപ്പോൾ ഞെട്ടി….
എക്സ് റേ പരിശോധനയില്‍ ലഗേജിനുള്ളില്‍ കണ്ടെത്തിയത് അപ്രതീക്ഷിത അതിഥി. അതിഥിയെ കണ്ട് എയര്‍പോര്‍ട്ടിലെ സുരക്ഷാ വിഭാഗം ഞെട്ടി. യാത്രക്കാരന്‍റെ ലഗേജ് എക്സ് റേ പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴാണ് അപ്രതീക്ഷിത സംഭവം സുരക്ഷാ വിഭാഗത്തിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. സ്യൂട്ട്കേസിൽ ഓറഞ്ച് നിറത്തിലുള്ള പൂച്ചയെയാണ് എക്സ് റേ പരിശോധനയില്‍ കണ്ടെത്തിയത്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലാണ് സംഭവം.
ഡെല്‍റ്റാ എയര്‍ലൈന്‍ വിമാന യാത്രയ്ക്ക് എത്തിയ യാത്രക്കാരന്‍റെ ബാഗേജിലാണ് അയല്‍വാസിയുടെ പൂച്ചയെ കണ്ടെത്തിയത്. ഫ്ലോറിഡയിലെ ഓര്‍ലാന്‍ഡോയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ യാത്രക്കാരന്‍. എന്നാല്‍ അയല്‍വാസിയുടെ പൂച്ച എങ്ങനെ ബാഗിനുള്ളില്‍ കയറിയെന്നതിനേക്കുറിച്ച് ഇയാള്‍ക്കും ധാരണയില്ല. യാത്ര പൂച്ച മുടക്കിയെങ്കിലും ബാഗേജില്‍ ഒളിച്ച് കയറിയ പൂച്ചയെ സുരക്ഷിതമായി വീട്ടിലെത്തിച്ചിട്ടുണ്ട്. എക്സ് റേ പരിശധനയുടെ ചിത്രങ്ങള്‍ സുരക്ഷാ വിഭാഗം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. വൈന്‍ ഗ്ലാസും, നിരവധി വൈന്‍ ബോട്ടിലും, ചെരിപ്പും അടക്കമുള്ളവയാണ് എക്സ് റേ പരിശോധനയില്‍ ബാഗില്‍ കണ്ടെത്തിയത്.