സിനിമയെ വെല്ലുന്നതാണ് നഗ്മയുടെ കഥ, കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട് വനിതാ ഡോൺ ആയ കഥ
ബോളിവുഡ് സിനിമയെ വെല്ലുന്നതാണ് നഗ്മയുടെ കഥ. ഒരിക്കൽ കാമൂകനോടുള്ള ഭ്രമം മൂത്ത് ഭര്‍ത്താവിനെയും സ്വന്തം കുഞ്ഞിനേയും ഉപേക്ഷിച്ചു. പിന്നീട് ജീവിക്കാനായി പൊരുതി. ചുവടുവെച്ച് ചുവടുവെച്ചുള്ള കയറ്റം, ഇപ്പോൾ അവൾ വെറും നഗ്മയല്ല, വനിതാ ഡോൺ ആണ്.
പ്രണയത്തിലകപ്പെട്ട് തന്റെ കുടുംബത്തെ ഉപേക്ഷിച്ച് കാമുകന്‍ രാഹുലിനൊപ്പമാണ് നഗ്മ നാടുവിട്ടത്. നഗ്മ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് എന്നാല്‍ ആദ്യം കാമുകനായ രാഹുലിന് ഇതേക്കുറിച്ചു അറിയില്ലായിരുന്നു. ഇവർ ഇപ്പോൾ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലാണ്.
ബീഹാറിലെ പാട്‌നയിലാണ് സംഭവം. നഗ്മയുമായി ഒളിച്ചോടിയ ശേഷം രാഹുല്‍ ഗൈഘട്ടിലെ വാടകവീട്ടിലാണ് താമസിച്ചത്. പാട്‌നയിലെ ചിത്‌കോഹ്ര്‍ സ്വദേശിയായ രാഹുല്‍, ആയുധങ്ങള്‍ കടത്തുകയും, ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുകയായിരുന്നു. ഇതിനിടെ 2015ല്‍ വിക്രം എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ രാഹുല്‍ പോലീസ് പിടിയിലാവുകയും 5 വര്‍ഷത്തോളം ചപ്ര ജയിലില്‍ തടവിലാവുകയും ചെയ്തു. ഈ സമയത്ത്, നഗ്മ ഗുണ്ടാസംഘത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ജയിലില്‍ കഴിയുന്ന രാഹുലുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി അയാൾ നൽകുന്ന വിലാസങ്ങളില്‍ ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുകയും ബിസിനസ് നിലനിർത്തുപോരുകയും ചെയ്തിരുന്നു.
ഒരു മാസം മുന്‍പാണ് രാഹുലിന് ജാമ്യം ലഭിച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, പാട്നയിലെ ഗാര്‍ഡ്നിബാഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ അനിഷാബാദ് വളവിലുള്ള മൊബൈല്‍ ഷോപ്പില്‍, കവര്‍ച്ചയ്ക്കായി ഗുണ്ടകള്‍ വെടിയുതിര്‍ത്തു. ഈ കേസിലാണ് ഇപ്പോൾ പോലീസ് രാഹുലിനെയും നഗ്മയെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.