സിനിമയിൽ ചിരിപ്പിച്ച ഉണ്ണിരാജൻ നാളെ ജോലി തുടങ്ങും..

തൊണ്ടിമുതലും ദൃക്സാക്ഷിയും, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിലൂടെയും ‘മറിമായം’ സീരിയലിലും പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയതാരം ഉണ്ണി എന്ന ചെറുവത്തൂർ സ്വദേശി ഉണ്ണിരാജൻ പുതിയ ജോലി തേടി എത്തിയിരിക്കുകയാണ്. ജോലി എന്ന് പറയുമ്പോൾ… ഇന്റർവ്യൂ ബോർഡിനു മുന്നിൽ വളരെ ഭവ്യതയോടെ എത്തിയ ഉദ്യോഗാർഥിയെക്കണ്ട് ബോർഡംഗങ്ങൾ ശരിക്കും ഞെട്ടി.ശൗചാലയം വൃത്തിയാക്കലാണ് തൊഴിൽ. കാസർകോട് ഗവ.പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. അവിടെ പത്തോളം ടോയ്ലറ്റ് കാണും. കുറച്ച് ബുദ്ധിമുട്ടുള്ള തൊഴിലാണ്. ഒരു ഒഴിവിലേക്ക് അഭിമുഖത്തിനെത്തിയ പതിനൊന്നുപേരിൽ ഒരാളാണ് ഉണ്ണിരാജൻ. ചെറിയ ശമ്പളമാണെങ്കിലും സ്ഥിരം തൊഴിലാണ്. പ്രമോഷൻ ലഭിച്ചാൽ സ്വീപ്പറും പിന്നെ അറ്റൻഡറും ഒക്കെയായിപ്പോകാൻ സാധ്യതയുണ്ട്, ബോർഡംഗങ്ങൾ ഉണ്ണിരാജന് ജോലികാര്യങ്ങൾ വിശദമായി പറഞ്ഞുകൊടുത്തു.ഒരു ജോലി എന്റെ സ്വപ്നമാണ് സർ. കുറച്ച് സമയം മുമ്പ് പുറത്തുനിൽക്കുന്ന എല്ലാവരും എന്റെ സെൽഫിയെടുത്തു. അവർക്ക് ഞാൻ വി.ഐ.പി. പക്ഷേ സ്ഥിരമായ തൊഴിലില്ലല്ലോ. സീരിയിലിൽനിന്ന് അത്ര വരുമാനമൊന്നും ലഭിക്കില്ല. ജോലിക്കിടെ വീണു പരിക്കേറ്റതിനാൽ ശരീരസ്ഥിതിയും മെച്ചമല്ല. പിന്നെ എല്ലാതൊഴിലിനും അതിന്റെ മഹത്ത്വമുണ്ട്. ഗാന്ധിജിപോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാനല്ലെങ്കിൽ മറ്റൊരാൾ ഇത് ചെയ്യേണ്ടതല്ലേ. പിന്നെ എനിക്ക് ചെയ്താലെന്താ എന്നായിരുന്നു ഉണ്ണിരാജന്റെ മറുപടി.പരേതനായ കണ്ണൻ നായരുടെയും ഓമനയുടെയും മകനാണ് ഉണ്ണിരാജൻ. ഭാര്യയും രണ്ടുകുട്ടികളുമുണ്ട്. ശനിയാഴ്ചയാണ് ഉണ്ണിരാജന് രജിസ്ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്ച ചേരും. “ഭാഗ്യംകൊണ്ട് ലഭിച്ചു. ആത്മാർഥമായിത്തന്നെ ജോലി ചെയ്യും, അദ്ദേഹം പറഞ്ഞു.

Related Articles

Back to top button