സമ്മാനമായി ലഭിച്ച കാർ അയൽക്കാരനുമായി പങ്കിട്ട് യുവതി
ടെക്സ്റ്റൈൽസിലെ നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ച കാർ അയൽക്കാരനുമായി പങ്കിട്ട് യുവതി. മലപ്പുറം ചെട്ടിപ്പടി കുപ്പിവളവ് സ്വദേശി കാടശേരി അഞ്ജുവിനാണ് കാർ സമ്മാനമായി ലഭിച്ചത്. ചെമ്മാടുള്ള മാനസ ടെക്സ്റ്റൈൽസിൽ നിന്നാണ് അഞ്ജുവിന് മാരുതി ബലേനോ കാർ ലഭിച്ചത്. അയൽവാസി സിനീഷ് എന്നയാളുടെ വിവാഹനിശ്ചയത്തിനുള്ള വസ്ത്രം വാങ്ങാൻ പോയപ്പോഴായിരുന്നു നറുക്കെടുപ്പ് കൂപ്പണിൽ അഞ്ജു പേര് എഴുതിയിട്ടത്. ഏതായാലും സമ്മാനമായി ലഭിച്ച കാർ അഞ്ജു, സിനീഷുമായി പങ്കിട്ടിരിക്കുകയാണ്.ഇക്കഴിഞ്ഞ ജൂൺ 22നാണ് സിനീഷിന്‍റെ വിവാഹനിശ്ചയത്തിന് വസ്ത്രം വാങ്ങാൻ അയൽക്കാരിയായ അഞ്ജു ഒപ്പം പോയത്. വസ്ത്രം എടുത്തതിന് ശേഷം നറുക്കെടുപ്പിന്‍റെ ഭാഗമായ ലഭിച്ച കൂപ്പണുകളിൽ എല്ലാവരുടെയും പേര് എഴുതി ഇടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിൽ അഞ്ജുവിന് കാർ സമ്മാനമായി ലഭിച്ചത്. വസ്ത്രം വാങ്ങിയ സിനീഷിനുമായി കാർ പങ്കിടാമെന്ന കാര്യം അഞ്ജു തന്നെയാണ് മുന്നോട്ടുവെച്ചത്. ആദ്യം സിനീഷ് ഇത് നിരസിച്ചെങ്കിലും അഞ്ജുവിന് നിർബന്ധത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് നറുക്കെടുപ്പിൽ വിജയിച്ചവരുടെ സമ്മാനങ്ങൾ വിതരണം ചെയ്തത്. സമ്മാനമായി ലഭിച്ച മാരുതി ബെലേനോ കാർ വാങ്ങാനായി അഞ്ജുവിന്‍റെ സഹോദരൻ അഖിലും സിനീഷുമാണ് എത്തിയത്. പരപ്പനങ്ങാടി നഗരസഭാ കൌൺസിലർ സി.ജയദേവൻ, മാനസ ടെക്സ്റ്റൈൽസ് എം.ഡി സാഹിർ കുന്നുമ്മൽ, സിഇഒ യൂനുസ് പള്ളിയാളി എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് സമ്മാനം വിതരണം ചെയ്തത്.