ഷാരൂഖ് ഖാൻ ലതാ മങ്കേഷ്കറിന്റെ ഭൗതിക ശരീരത്തിൽ തുപ്പി എന്ന് പ്രചാരണം
അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിൻ്റെ ഭൗതിക ശരീരത്തിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ തുപ്പി എന്ന് പ്രചാരണം. ലതാ മങ്കേഷ്കറിൻ്റെ അന്തിമ കർമ്മങ്ങൾ നടന്ന ശിവാജി പാർക്കിലെത്തി ഷാരൂഖ് ഖാൻ ആദരാഞ്ജലി അർപ്പിച്ചിരുന്നു. ലതാ മങ്കേഷ്കറിൻ്റെ മൃതദേഹത്തിനരികെ നിന്ന് പ്രാർത്ഥിക്കുന്ന ഷാരൂഖിൻ്റെയും മാനേജർ പൂജ ദദ്ലാനിയുടെയും ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഷാരൂഖ് മുസ്ലിങ്ങളുടെ പ്രാർത്ഥനയായ ദുആ ചെയ്യുമ്പോൾ പൂജ കൈകൂപ്പി പ്രാർത്ഥിക്കുകയാണ്.
ലതയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാർത്ഥിച്ച ഷാരൂഖ് മൃതദേഹത്തിലേക്ക് ഊതി. ഇതിനെയാണ് തുപ്പി എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. ഷാരൂഖിനെതിരെ സൈബർ ആക്രമണവും നടക്കുന്നുണ്ട്. ആക്രമണങ്ങളെ അപലപിച്ചും നിരവധി ആളുകൾ രംഗത്തുവരുന്നുണ്ട്.