വ്യവസായിയുടെ ആത്മഹത്യ: പിന്നിൽ ഹണിട്രാപ്പ്
ആലപ്പുഴ: വ്യവസായിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഹണിട്രാപ്പ് ആണെന്ന് പൊലീസ്. ആലപ്പുഴ പൂച്ചാക്കൽ അരൂക്കുറ്റി സ്വദേശിയായ വ്യവസായിയുടെ ആത്മഹത്യയ്ക്കു പിന്നിലാണ് ഹണി ട്രാപ് സംഘമെന്ന് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ സ്വദേശിനിയായ യുവതിയെയും മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. നവംബറിലാണ് വ്യവസായിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുൻപ് സമാന കേസിൽ ഉൾപ്പെട്ടിട്ടുള്ള, ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്ന ചേർത്തല സ്വദേശിനിയാണ് കേസിലെ മുഖ്യകണ്ണിയെന്നാണു സൂചന. ഇവരും മറ്റൊരാളുമാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കസ്റ്റഡിയിലുള്ളവരിൽ നിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉടൻ അറസ്റ്റിലായേക്കും.