വൈറലാകുന്നു.. നടൻ ശ്രീനിവാസന്റെ ചിത്രം….
ഇരുപതു ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം ഏപ്രിൽ അവസാനത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് നടൻ ശ്രീനിവാസൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ഒരു ചിത്രം പ്രചരിക്കുന്നു. ചില ഓൺലൈൻ മാധ്യമങ്ങളും ഇത് പുറത്തുവിട്ടിട്ടുണ്ട്. ഭാര്യ വിമലയോടൊപ്പമുള്ളതാണ് ചിത്രം. തന്നെ കാണാനെത്തിയവരെ അദ്ദേഹം കൈയുയർത്തി അഭിവാദ്യം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന് വലിയ രീതിയിൽ പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. അദ്ദേഹത്തിന് ‘വേഗം സുഖമാകട്ടെ’ എന്നാണ് എല്ലാവരും ആശംസിക്കുന്നത്.ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നാണ് അദ്ദേഹത്തെ അങ്കമാലിയിലെ അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 30നാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ആൻജിയോഗ്രാം പരിശോധന നടത്തിയപ്പോൾ നടന് ട്രിപ്പിൾ വെസ്സൽ ഡിസീസ് കണ്ടെത്തി. പിന്നീട് മാർച്ച് 31 വ്യാഴാഴ്ച്ച ബൈപാസ് സർജറി നടത്തി. ശസ്ത്രക്രിയക്ക് ശേഷം, മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററിൽ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.ആരോഗ്യ നില തൃപ്തികരമായതിനെ തുടർന്ന് കഴിഞ്ഞ മാസം 12ന് വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും ശ്രീനിവാസൻ മുൻപ് പല തവണ ചികിത്സ തേടിയിട്ടുണ്ട്. 66 കാരനായ നടന് ഹൃദ്രോഗമുള്ളതായും മുൻപ് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.