വൃക്കയിലെ കല്ല് നീക്കാൻ ശസ്ത്രക്രിയ നടത്തി… ഒടുവിൽ….
ആറ് മാസം മുൻപാണ് വൃക്കയിലെ കല്ല് നീക്കാൻ 53 കാരന് ശസ്ത്രക്രിയ നടന്നത്. കടുത്ത വേദന മൂലം മറ്റൊരു ആശുപത്രിയിൽ വീണ്ടും പരിശോധന നടത്തിയതോടെയാണ് സംഭവം പുറത്തായത്. കല്ല് നീക്കാൻ ശസ്ത്രക്രിയ നടത്തിയ വ്യക്തിയുടെ ഒരു വൃക്ക കാണാനില്ല. ഉത്തർ പ്രദേശിലെ അലിഗഡിലാണ് സംഭവം.
ഹോം ഗാർഡായി ജോലി ചെയ്യുന്ന സുരേഷ് ചന്ദ്ര എന്ന 53 കാരനാണ് വൃക്ക നഷ്ടപ്പെട്ടത്. സ്വകാര്യ ആശുപത്രിക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി യു.പി ആരോഗ്യ വകുപ്പ് അറിയിച്ചു. സുരേഷിന് അടിവയറ്റിൽ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അൾട്രാസൗണ്ട് പരിശോധന നടത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
അലിഗഡിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് സുരേഷിന്റെ ഇടതു വൃക്കയിൽ കല്ല് ഉള്ളതായി അറിഞ്ഞത്. അന്നേ ദിവസം തന്നെ ശസ്ത്രക്രിയ നടത്തിയതായി സുരേഷ് വെളിപ്പെടുത്തുന്നു. തുടർന്ന് വൃക്കയിലെ കല്ലുകൾ നീക്കം ചെയ്തതായി ഡോക്ടർ അറിയിച്ചു. ഒപ്പം കഴിക്കാനുള്ള മരുന്നുകളുടെ ലിസ്റ്റും നൽകി. പിന്നീട് കടുത്ത വേദനയെ തുടർന്ന് കസ്ഗഞ്ച് ആശുപത്രിയിലെ ഡോക്ടറെ സമീപിക്കുകയും പിന്നീട് നടത്തിയ സ്കാനിംഗിലാണ് വൃക്ക നഷ്ടപ്പെട്ടതായി അറിയുന്നതും. സംഭവത്തെക്കുറിച്ച് അറിഞ്ഞ് ഞെട്ടിപ്പോയതായി സുരേഷ് പറയുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും സംഭവത്തെക്കുറിച്ച് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.